Last Updated:
തിങ്കള്‍, 5 ജനുവരി 2015 (15:39 IST)
മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ സൂപ്പര്‍താരം ദിലീപാണെന്ന് ശത്രുക്കള്‍ പോലും പറയും. കൃത്യമായ പ്ലാനിംഗോടെ കരിയര്‍ മുമ്പോട്ടുകൊണ്ടുപോകുന്ന ജനപ്രിയതാരം. പരാജയങ്ങള്‍ വിജയത്തിന്‍റെ ചവിട്ടുപടിയാക്കാനറിയാവുന്ന അപൂര്‍വം നായകന്‍മാരില്‍ ഒരാള്‍.
ഇതൊക്കെയാണെങ്കിലും മലയാളത്തിലെ മറ്റ് സൂപ്പര്‍താരങ്ങളോടൊക്കെ എന്നും ബഹുമാനമാണ് ദിലീപിന്. താന്‍ ആദ്യമായി നേരില്‍ക്കാണുന്ന സിനിമാതാരം മമ്മൂട്ടിയാണെന്നും 'സൈന്യ'ത്തിന്‍റെ സെറ്റില്‍ നിന്ന് തുടങ്ങി ഈ നിമിഷം വരെ സ്നേഹക്കൂടുതല്‍ കാണിച്ചിട്ടുള്ള താരമാണ് അദ്ദേഹമെന്നും ദിലീപ് സ്മരിക്കുന്നു.
മോഹന്‍ലാലിന്‍റെ മുഖത്ത് ക്ലാപ്പടിച്ച് 'വിഷ്ണുലോകം' എന്ന സിനിമയിലാണ് തന്‍റെ സിനിമാജീവിതം തുടങ്ങിയതെന്നും ദിലീപ് പറയുന്നു. മോഹന്‍ലാലിനെ ഒട്ടേറെ വേദികളില്‍ താന്‍ അനുകരിച്ചിട്ടുണ്ടെന്നും ദിലീപ് ഓര്‍ക്കുന്നു.
മലയാള സിനിമയിലേക്കുള്ള വാതില്‍ തനിക്ക് തുറന്നുതന്നത് ജയറാമാണെന്ന് ദിലീപ് പറയുന്നു. ജയറാമിന്‍റെ ശുപാര്‍ശപ്രകാരമാണ് കമല്‍ ദിലീപിനെ സഹായിയാക്കുന്നത്.
തന്‍റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്നായ 'മാനത്തെ കൊട്ടാരം' ഹിറ്റാകുന്നതില്‍ സുരേഷ്ഗോപിയുടെ അതിഥിവേഷം വലിയ പങ്കുവഹിച്ചതായും കേരള കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പറയുന്നു.