അമേരിക്കന്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ട്യൂട്ടറെ കിട്ടിയില്ല, പൃഥ്വിരാജ് ഓഡിയോ കേട്ട് പഠിച്ചു!

പൃഥ്വിരാജ്, ഇവിടെ, നിവിന്‍ പോളി, ശ്യാമപ്രസാദ്, ഭാവന
Last Updated: വ്യാഴം, 28 മെയ് 2015 (16:15 IST)
ഇവിടെ എന്ന ചിത്രത്തിലെ വരുണ്‍ ബ്ലേക്ക് എന്ന അറ്റ്‌ലാന്‍റ പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കാന്‍ പൃഥ്വിരാജ് ഏറെ ഹോംവര്‍ക്കുകള്‍ ചെയ്തു എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടാല്‍ മനസിലാകും. പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച സിനിമയില്‍ ഒന്നാന്തരം അമേരിക്കന്‍ ആക്സന്‍റ് ഇംഗ്ലീഷിലാണ് പൃഥ്വി സംസാരിക്കുന്നത്. സിങ്ക് സൌണ്ട് റെക്കോര്‍ഡിംഗ് ആണ് സിനിമയ്ക്കെന്നതും ഓര്‍ക്കേണ്ടതാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് വിമര്‍ശകര്‍ക്കെല്ലാമുള്ള ചുട്ട മറുപടി തന്നെയാകും ഈ സിനിമ എന്നതില്‍ സംശയമില്ല.

അമേരിക്കയിലെ ഐ ടി മേഖലയില്‍ നടക്കുന്ന പരമ്പരക്കൊലപാതകങ്ങള്‍ അന്വേഷിക്കാനാണ് വരുണ്‍ ബ്ലേക്ക് വരുന്നത്. ഗംഭീരമായ ഇംഗ്ലീഷ് സംഭാഷണങ്ങളോടെ ഇതില്‍ കൂടുതല്‍ ഈ കഥാപാത്രത്തെ ഭംഗിയാക്കാന്‍ പൃഥ്വിയല്ലാതെ ഇന്ന് മറ്റൊരു നടനില്ല എന്ന് വിമര്‍ശകര്‍ പോലും സമ്മതിക്കും.

എന്നാല്‍ ഒരു ട്യൂട്ടര്‍ പോലുമില്ലാതെയാണ് താന്‍ അമേരിക്കന്‍ ഇംഗ്ലീഷ് ശൈലി മനസിലാക്കിയതെന്ന് മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

“അതിമാനുഷികം എന്നു തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഈ സിനിമയുടെ തയാറെടുപ്പില്‍ തോന്നിയിരുന്നു. അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുക എന്നതായിരുന്നു അതിലൊന്ന്. ഡിക്ഷന്‍ പഠിപ്പിക്കാന്‍ ഒരു ട്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിനുള്ള അവസരം ഉണ്ടായില്ല. ശ്യാമേട്ടന്‍ തന്ന ചില ആളുകളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ഓഡിയോ കേട്ടു ഞാന്‍ അമേരിക്കന്‍ ശൈലി പ്രാക്ടീസ് ചെയ്തു. കൂടാതെ 'ഇവിടെ'യുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ വിദേശികളായിരുന്നതുകൊണ്ട് അവരേക്കൊണ്ട് ഓരോ ഡയലോഗും ഷോട്ടിനു മുന്‍പായി പറയിപ്പിച്ചു കേട്ടു പരിശീലനം നടത്തി” - പൃഥ്വിരാജ് വെളിപ്പെടുത്തുന്നു. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഇവിടെയില്‍ നിവിന്‍ പോളിയും ഭാവനയും അഭിനയിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :