തൊഴിലാളി ക്ഷേമപദ്ധതിയില്‍ ഭേദഗതി

തിരുവനന്തപുരം| M. RAJU|
2006 -ലെ കേരള ഷോപ്പ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 2 (ജി) യില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിച്ചു.

മാര്‍ച്ച്‌ 15 മുതലാണ് കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രാബല്യത്തില്‍ വന്നത്‌. ഈ പദ്ധതി പ്രകാരം കൂടുതല്‍ അംഗങ്ങള്‍ക്ക്‌ ആനുകൂല്യം നല്‍കുന്നതിനാണ്‌ ഭേദഗതി വരുത്തിയിട്ടുള്ളത്‌. ഇത്‌ പ്രകാരം ഏകദേശം 10 ലക്ഷം തൊഴിലാളികള്‍ക്ക്‌ പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കും.

ഈ പദ്ധതിയില്‍ അംഗത്വം എടുക്കുന്നത്‌ വഴി തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍, കുടുംബപെന്‍ഷന്‍, വിവാഹാനുകൂല്യം, പ്രസവാനുകൂല്യം, ചികിത്സാ സഹായം, വിദ്യാഭ്യാസാനുകൂല്യം, മരണാനന്തര സഹായം തുടങ്ങിയവ ലഭിക്കും. നിയമത്തിലെ 2 (ജി) അനുസരിച്ച്‌ മറ്റേതെങ്കിലും നിയമ പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും മറ്റേതെങ്കിലും ക്ഷേമനിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും ഈ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നില്ല.

ഭേദഗതിയോടുകൂടി 1960 -ലെ കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്‌ളിഷ്മെന്‍റ്‌സ് ആക്ടിന്‍റെ പരിധിയില്‍ വന്നിട്ടുള്ള എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളും കേരള ഷോപ്സ്‌ ആന്‍റ് എസ്റ്റാബ്‌ളിഷ്മെന്‍റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം.

ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്‍റെ പരിധിയല്‍ ഉള്‍പ്പെടുകയും ആ ക്ഷേമനിധിയല്‍ അംഗത്വം ലഭ്യമാക്കുകയും ചെയ്യുന്ന തൊഴിലാളികള്‍ ഇതര ക്ഷേമനിധി നിയമങ്ങളുടെ പരിധിയില്‍ നിന്നും ഒഴിവാക്കപ്പെടും. കൂടാതെ കേരള ഷോപ്സ്‌ ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം സ്വീകരിക്കുന്നവര്‍ക്ക്‌ അവര്‍ അടച്ച വിഹിതവും തിരിച്ചു നല്‍കുന്നതിന്‌ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :