എച്ച്.ഐ.വി ബാധിതര്‍ക്ക് നിയമനം

PROPRO
സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയില്‍ എച്ച്‌.ഐ.വി അണുബാധിതര്‍ക്ക്‌ നിയമനം നല്‍കുന്നു. രാജ്യത്ത്‌ ആദ്യമായാണ്‌ എച്ച്‌.ഐ.വി അണുബാധിതര്‍ക്കു വേണ്ടി സംവരണം ചെയ്ത്‌ നിയമനം നല്‍കുന്നത്.

സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റികളില്‍ ഏതെങ്കിലുമൊരു തസ്തികയിലേക്കായിരിക്കും നിയമനം. ആദ്യഘട്ടത്തില്‍ ജി.ഐ.പി.എ (ഗ്രേറ്റര്‍ ഇന്‍വോള്‍വ്‌മെന്‍റ് ഓഫ്‌ പീപ്പിള്‍ വിത്ത്‌ എയ്ഡ്സ്‌) കോ ഓര്‍ഡിനേറ്റര്‍ എന്ന തസ്തികയിലേക്കാണ്‌ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.

എയ്ഡ്സ്‌ നിയന്ത്രണ പരിപാടികളില്‍ എച്ച്‌.ഐ.വി അണുബാധിതരുടെ സാന്നിധ്യം ഉറപ്പാക്കുക, അവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിനാണ്‌ ഇങ്ങനെയൊരു തസ്തിക സൃഷ്ടിച്ചിട്ടുള്ളത്‌.

എച്ച്‌.ഐ.വി നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഏതെങ്കിലും രംഗത്ത്‌ മൂന്ന്‌ വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ബിരുദധാരികളായ എച്ച്‌.ഐ.വി അണുബാധിതര്‍ക്ക്‌ അപേക്ഷിക്കാം. എച്ച്‌.ഐ.വി അണുബാധിതരുടെ കൂട്ടായ്മകളില്‍ അംഗമായിരിക്കാന്‍ പാടില്ല.

പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ്‌ 16ന്‌ വൈകുന്നേരം അഞ്ചിന്‌ മുമ്പായി പ്രോജക്ട്‌ ഡയറക്ടര്‍, കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റി, റെഡ്‌ ക്രോസ്‌ റോഡ്‌, തിരുവനന്തപുരം - 695035 വിലാസത്തില്‍ ലഭിക്കണം. കവറിനു മുകളില്‍ തസ്തികയുടെ പേരെഴുതണം.

തിരുവനന്തപുരം| M. RAJU| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2008 (16:37 IST)
വിവരങ്ങള്‍ കേരള സംസ്ഥാന എയ്ഡ്സ്‌ നിയന്ത്രണ സൊസൈറ്റിയുടെ www.ksacs.in വെബ്സൈറ്റില്‍ ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :