വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനം തടസ്സപ്പെടുന്നു

Students
PRDPRD
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ടി.സിയും ലഭിക്കാത്തത് മൂലം ഓപ്പണ്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ഉപരിപഠനത്തിന് തടസ്സമാകുന്നു.

മലബാറില്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ററി ക്ലാസുകളിലേക്ക് പ്രവേശ്നം തേടുന്ന ഓപ്പണ്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പ്രതിസന്ധി. എന്നാല്‍ ടി.സിയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് പ്രവേശനത്തെ ബാധിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു. ഈ മാസം ആദ്യമാണ് മലബാര്‍ മേഖലയ്ക്ക് പുതുതായി ഹയര്‍ സെക്കന്‍ററി സീറ്റുകള്‍ അനുവദിച്ചത്.

അപ്പോഴേയ്ക്കും മറ്റ് മേഖലകളില്‍ ക്ലാസുകള്‍ തുടങ്ങി അഞ്ച് മാസം കഴിഞ്ഞിരുന്നു. ഏറെ ധൃതിപിടിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് സ്കൂള്‍ അധികൃതര്‍ പുതിയ സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത്. എസ്.എസ്.എല്‍.സി വിജയിച്ചവരെല്ലാം ഇതിനിടെ ഓപ്പണ്‍ സ്കൂളുകളിലേക്ക് പ്രവേശനം തേടിയിരുന്നു.

ഇവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം തേടുന്നത്. പുതിയ ബാച്ചുകളിലേക്കുള്ള ക്ലാസുകള്‍ 22ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രവേശനത്തിന്‍റെ അടിസ്ഥാന രേഖകളായ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റും ടി.സിയും ഓപ്പണ്‍ സ്കൂള്‍ രജിസ്ട്രേഷന് വേണ്ടി തിരുവനന്തപുരത്തേയ്ക്ക് അയച്ചിരിക്കുകയാണ്.

ഇവ തിരികെ കിട്ടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ സര്‍ട്ടിഫിക്കറ്റും ടി.സിയും തിരിച്ചു കിട്ടുന്നതിന് തടസ്സമൊന്നുമില്ലെന്നും തിരുവനന്തപുരത്ത് ചെന്നാല്‍ ഇവ ലഭിക്കുമെന്നും ഓപ്പണ്‍ സ്കൂള്‍ ജില്ലാ കോ‌‌‌-ഓര്‍ഡിനേറ്റര്‍ പറയുന്നു.

കോഴിക്കോട്| WEBDUNIA| Last Modified വ്യാഴം, 15 നവം‌ബര്‍ 2007 (18:22 IST)
പ്രവേശനം പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി അടുത്തിട്ടും ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. അധ്യാപക, അനധ്യാപക നിയമനങ്ങള്‍ ഉള്‍പ്പടെ വലിയ പ്രതിസന്ധികളാണ് പുതിയ ബാച്ച് അഭിമുഖീകരിക്കുന്നത്. എങ്കിലും കുടുതല്‍ സീറ്റുകള്‍ ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് മലബാറുകാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :