ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി റാങ്ക് ലിസ്റ്റ് മറികടന്ന് നിയമനം നടത്താന്‍ ശ്രമം നടക്കുന്നതായി പരാതി.
വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്ന് കഴിഞ്ഞു. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുണ്ട്.
എന്നാല്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളെ അവഗണിച്ച് വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം നല്‍കി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് നിയമിക്കുന്നുവെന്നാണ് ആരോപണം. യാതൊരു മാനദണ്ഡവും അനുപാതവും നോക്കാതെ പതിനെട്ട് വര്‍ഷം മുമ്പുള്ള സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവിലാണ് ഈ നിയമനമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റാങ്ക് ലിസ്റ്റിലുള്ള ഒരാളെ പോലും എടുക്കാതെ വളഞ്ഞ വഴിയിലൂടെ നിയമനം നടത്താനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. മുന്‍ കാലങ്ങളില്‍ സര്‍ക്കാര്‍ ഈ രീതിയില്‍ നിയമനം നടത്താനുള്ള കാരണം ആവശ്യമായ യോഗ്യതകള്‍ ഇല്ലാതിരുന്നതിനാലാണ്. എന്നാലിപ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസായ ആയിരക്കണക്കിന് ആള്‍ക്കാര്‍ ഉണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
മറ്റ് വകുപ്പുകളില്‍ യോഗ്യത പരിഗണിച്ച ശേഷം അഞ്ച് മുതല്‍ പത്ത് ശതമാനം പേരെയാണ് സ്ഥാനക്കയറ്റം നല്‍കി നിയമിക്കുന്നത്. ആരോഗ്യ വകുപ്പ് ഇത് മറികടന്നുവെന്നും വകുപ്പിലെ രാഷ്ട്രീയ സര്‍വ്വീസ് സംഘടനകളാണ് ഈ നീക്കത്തിന് പിന്നിലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.
തിരുവനന്തപുരം|
WEBDUNIA|
ഈ നീക്കത്തിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഈ മാസം 25ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.