വളരെ പ്രശസ്തനായ ഒരു മനശ്ശാസ്ത്രജ്ഞന് ഈയിടെ പറഞ്ഞ അനുഭവമാണ്. ഗള്‍ഫിലെ വലിയൊരു ആശുപത്രിയിലേക്ക് നേഴ്സിനെ തെരഞ്ഞെടുക്കാന്‍ കൂടിക്കാഴ്ച നടക്കുകയാണ്. സ്ഥലം ഡല്‍ഹി മഹാനഗരം. ഉദ്യോഗാര്‍ത്ഥിയുടെ വ്യക്തിത്വവും മാനസികവികാസവും പരിശോധിക്കാന്‍ ഇപ്പറഞ്ഞ മനശ്ശാസ്ത്രജ്ഞനും അവിടെയുണ്ട്.
കൂടിക്കാഴ്ചയ്ക്കായി മുറിയിലേക്കു കടന്നു വന്ന മലയാളിപ്പെണ്‍കുട്ടിക്ക് അക്കാഡമിക്കായി ഉയര്‍ന്ന മാര്‍ക്കുകളാണുള്ളത്. കൂടിക്കാഴ്ചയില്‍ പക്ഷേ പെണ്‍കുട്ടി വല്ലാതെ നിശ്ശബ്ദയായി. ചോദ്യങ്ങള്‍ ഏറുംതോറും അവള് വിറയ്ക്കാനും വിയര്‍ക്കാനും തുടങ്ങി.
'ഈശ്വരാ, ഇവള്‍ക്ക് അറിയില്ല എന്നു പറയാനെങ്കിലും വാ തുറന്നുകൂടേ' എന്നായിരുന്നു തന്റെ മനസ്സിലെന്നു മനശ്ശാസ്ത്രജ്ഞന്. ചോദ്യം ചോദിക്കാനുണ്ടായിരുന്ന ആശുപത്രി മേധാവിയാകട്ടെ 'നിങ്ങളുടെ നാട്ടുകാരിയുടെ ഒരു അവസ്ഥയേ' എന്നു പരിഹാസത്തിലും.
'നിങ്ങള്‍ ഒരു നിമിഷം നില്ക്കൂ, ഞാന്‍ ഒന്നു പരീക്ഷിക്കട്ടെ' എന്നായി മനശ്ശാസ്ത്രജ്ഞന്. 'എവിടത്തുകാരിയാ?' എന്ന് മലയാളത്തിലായി ചോദ്യം. 'അയ്യോ! സാറു മലയാളിയാണോ? ഞാന്‍ പേടിച്ചിരിക്കുകയായിരുന്നു' എന്നു തുടങ്ങി തന്റെ വിദ്യാഭ്യാസയോഗ്യത മുതല്‍ നാട്ടുകാര്യം വരെ പെണ്‍കുട്ടി നിറുത്താതെ സംസാരിച്ചു. പിന്നീട് കാര്യമായി നടന്ന കൂടിക്കാഴ്ചയില്‍ അവള് നല്ല പ്രകടനം കാഴ്വയ്ക്കുകയും ചെയ്തു; ജോലിയും കിട്ടി!
അറിയാവുന്നതു പോലും പറയാനാവാത്ത മനസ്സാണ് മലയാളി തന്റെ പ്രശസ്തമായ വിദ്യാഭ്യാസത്തിലൂടെ നേടിയെടുക്കുന്നതെന്ന് ഈ മനശ്ശാസ്ത്രജ്ഞന് പരിതപിക്കുന്നു. സ്വന്തം ബലം അറിയാത്ത ആനയെപ്പോലെ ആയിട്ടും മലയാളി ലോകത്തിന്റെ ഏതറ്റത്തും പോയി പല രംഗങ്ങള്‍ കീഴടക്കുന്നു.
അപ്പോള്‍ ലഭിച്ച അറിവു വേണ്ടതു പോലെ ഉപയോഗിക്കാന്‍ അവന്/അവള്‍ക്ക് അറിയാമെങ്കിലോ? സ്വയം മനസ്സിലാക്കുക, സ്വന്തം കഴിവുകളും കുറവുകളും അറിയുക എന്നതു തന്നെയാണ് അതിന് ഏറ്റവും ആവശ്യം.