"മമതാജി ഇത് അസൂയയല്ലേ?" - ലാലു

പാറ്റ്ന| WEBDUNIA| Last Modified ശനി, 4 ജൂലൈ 2009 (18:20 IST)
റയില്‍‌വേ ബജറ്റില്‍ തന്നോടുള്ള അസൂയ മണക്കുന്നുവെന്ന് മുന്‍ റയില്‍‌വേ മന്ത്രി ലാലു പ്രസാദ് യാദവ്. കൊല്‍‌ക്കൊത്തയില്‍ നിന്നിറങ്ങുന്ന ഒരു പ്രമുഖ ദിനപത്രത്തില്‍ എഴുതുന്ന കോളത്തിലാണ് റയില്‍‌വേ ബജറ്റിനെ പറ്റിയുള്ള തന്റെ അഭിപ്രായം ലാലു വെളിപ്പെടുത്തിയിരിക്കുന്നത്. റയില്‍‌വേ മന്ത്രി എന്ന നിലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ താന്‍ നേടിയെടുത്തതിനോടുള്ള അസൂയയാണ് മമതാ ബാനര്‍ജിയുടെ ജനപ്രിയ ബജറ്റിന്റെ പ്രേരകശക്തിയെന്ന് ലാലു പറയുന്നു.

തന്റെ സ്വതസിദ്ധമായ ഭാഷാ ശൈലിയില്‍ മമതയെ തലങ്ങും വിലങ്ങും ആക്രമിക്കുകയാണ് ലാലു. കഴിഞ്ഞ വര്‍ഷങ്ങളില്‍ താന്‍ അവതരിപ്പിച്ചതിന്റെ പകര്‍പ്പും കൂടെ നടപ്പാക്കാന്‍ പറ്റാത്ത കുറേ വാഗ്ദാനങ്ങളുമായാല്‍ റയില്‍‌വേ ബജറ്റാവുമോ എന്ന് ലാലു ചോദിക്കുന്നു. കോളത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ താഴെ -

‘ഇന്ത്യന്‍ റയില്‍‌വേക്കും മന്ത്രിക്കും എല്ലാ വിജയങ്ങളും നേര്‍ന്നുകൊണ്ട് പറയട്ടെ, ബജറ്റില്‍ ഉള്‍‌പ്പെടുത്തിയിട്ടുള്ള പദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ചെറിയ അടുപ്പമെങ്കിലും വേണം. ചെന്നൈ - ഡല്‍ഹി, ഡല്‍ഹി - കൊല്‍‌ക്കൊത്ത നോണ്‍ സ്റ്റോപ്പുകള്‍ എങ്ങനെയാണ് ഓടിക്കുക? ഒന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഇത് സാങ്കേതികമായി സാധ്യമാണോ?’

‘നഗരങ്ങള്‍ക്കിടയില്‍ ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ ഓടിക്കും എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. മേല്‍‌പ്പാലങ്ങളും ഓവര്‍‌ഹെഡ് വയറുകളും ടണലുകളും ഒക്കെ പാതയിലുണ്ട്. എങ്ങിനെയാണ് ഡബിള്‍ ഡെക്കര്‍ ട്രെയിനുകള്‍ ഈ പാതകളിലൂടെ ഓടുകയെന്ന് മമതാജി പറഞ്ഞു തന്നാല്‍ നന്നായിരുന്നു. ഭാവന നിറഞ്ഞ വാഗ്ദാനങ്ങള്‍ എളുപ്പമാണ്. എന്നാല്‍ നടപ്പിലാക്കാന്‍ പറ്റില്ലെന്ന് മാത്രം.’

‘ഞാന്‍ ലക്‌ഷ്യമിട്ടത് യാഥാര്‍ത്ഥ്യബോധമില്ലാത്ത സാമ്പത്തിക ലക്‍ഷ്യങ്ങളാണെന്ന് മമതാജി കരുണയില്ലാതെ പറയുകയുണ്ടായി. റെയില്‍‌വേയുടെ ബാലന്‍‌സ് ഷീറ്റിനെ അടിസ്ഥാനമാക്കിയാണ് ഞാന്‍ ലക്‍ഷ്യങ്ങള്‍ നിശ്ചയിച്ചത്. 91,577 കോടിയായിരുന്നു അധിക തുക. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നെ വിളിച്ച് ആദരിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും വാര്‍ട്ടണിലെയും ഐ ഐ എമ്മിലെയും ആളുകള്‍ മണ്ടന്മാരല്ല എന്ന് മമതാജി ഓര്‍ക്കണം.’

‘റെയില്‍‌വേയുടെ കഴിഞ്ഞ 5 വര്‍ഷത്തെ പറ്റി മമതാജി തയ്യാറാക്കുന്ന വൈറ്റ് പേപ്പര്‍ എന്നെ പേടിപ്പിക്കാനാണെത്രെ. റയില്‍‌വേ മന്ത്രിയായിരിക്കുമ്പോള്‍ ഞാനെടുത്ത തീരുമാനങ്ങളും എടുക്കാനുണ്ടായ സാഹചര്യങ്ങളും മമതാജി പുനരവലോകനം ചെയ്യാന്‍ പോവുകയാണെത്രെ. ഞാനെന്തിന് ഭയക്കണം? ഞാനൊരു അഴിമതിയും നടത്തിയിട്ടില്ല. വന്‍ ലാഭമുണ്ടാക്കിയതാണോ അഴിമതി? എന്തിനാണ് വൈറ്റ് പേപ്പര്‍? റയില്‍‌വേയുടെ എല്ലാ അക്കൌണ്ടുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികള്‍ പരിശോധിച്ചിട്ടുള്ളതല്ലേ?’

എടുത്തുപറയാവുന്ന ഒരു നല്ല കാര്യം പോലും ഈ ബജറ്റില്‍ ഇല്ലെന്നും ബീഹാറിനെ മമത മനപൂര്‍വം അവഗണിക്കുകയാണെന്നും ലാലു എഴുതുന്നു. റയില്‍‌വേ ബജറ്റ് തയ്യാറാക്കാന്‍ മമതയ്ക്ക് ലഭിച്ചത് ചുരുങ്ങിയ സമയം മാത്രമാണെങ്കിലും യുക്തിക്ക് നിരക്കാതെ വാഗ്ദാനങ്ങള്‍ നിരത്തിയിരിക്കുന്നത് ന്യായീകരിക്കത്തക്കത് അല്ലെന്നും ലാലു ആഞ്ഞടിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :