ആണ്‍കുട്ടിക്ക് പേരിടുമ്പോള്‍ ഇതൊക്കെയറിയണം; പെണ്‍കുട്ടികളുടെ പേരില്‍ സന്തോഷം നിറയണം!

വാസ്തു, ജ്യോതിഷം, നല്ല സമയം, പേരിടീല്‍, Time, Baby Naming, Ceremony, Astrology
എസ് ബാബുരാജന്‍ ഉണ്ണിത്താന്‍| Last Modified തിങ്കള്‍, 2 ഏപ്രില്‍ 2018 (15:02 IST)
ശിശു ജനിച്ച് പന്ത്രണ്ടാം ദിവസമോ നൂറ്റിപ്പത്താം ദിവസമോ ആണ് നാമകരണം ചെയ്യേണ്ടത്. കൌ‍ഷീതകന്മാര്‍ക്ക് പത്താം ദിവസം രാത്രിയുടെ നാലാം യാമം നാമകരണത്തിന് ഉത്തമമാണ്.

അപരാഹ്നവും ചിത്തിര, വിശാഖം, കേട്ട, പൂരം, പൂരാടം, പൂരുരുട്ടാതി, അശ്വതി, ആയില്യം, ഭരണി, കാര്‍ത്തിക എന്നീ നാളുകളും മേടം, മകരം, തുലാം എന്നീ രാശികളും രാത്രി സമയത്തെ മൂന്നായി ഭാഗിച്ചതിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ചൊവ്വ, ശനി ആഴ്ചകളും പന്ത്രണ്ടാമിടത്ത് ഏതെങ്കിലും ഗ്രഹങ്ങളും അഷ്ടമത്തില്‍ ചൊവ്വായും ജന്മ നക്ഷത്രവും വര്‍ജ്ജിക്കേണ്ടതാണ്.

പേരിടീല്‍ പന്ത്രണ്ടാം ദിവസം നടത്തണമെന്നുള്ളത് ക്ഷത്രിയര്‍ക്കും ബാധകമാണ്. ബ്രാഹ്മണര്‍ക്ക് പതിനൊന്നാം ദിവസവും നാമകരണം ചെയ്യാം. എന്തായാലും പതിമൂന്നാം ദിവസം ആര്‍ക്കും ശുഭമല്ല. കര്‍ക്കിടകം രാശി മധ്യമമായി എടുക്കാമെങ്കിലും നാമകരണത്തിന് പൊതുവെ ചരരാശികള്‍ ഉത്തമമല്ല. മുഹൂര്‍ത്ത രാശിയില്‍ ആദിത്യന്‍ നില്‍ക്കുന്നതും ശുഭമല്ല.

നായര്‍ മുതലായ സമുദായക്കാര്‍ ആണ്‍കുട്ടിയാണ് ജനിച്ചതെങ്കില്‍ ഇരുപത്തിയേഴാം ദിവസവും പെണ്‍കുട്ടിയാണ് ജനിച്ചതെങ്കില്‍ ഇരുപത്തിയെട്ടാം ദിവസവുമാണ് നാമകരണം നടത്തുന്നത്. ഇതിനും മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ അനുസരിച്ച് ശുഭമുഹൂര്‍ത്തം നോക്കേണ്ടതുണ്ട്.

പരമോച്ചത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ മുഹൂര്‍ത്ത ലഗ്നത്തിനുണ്ടായാല്‍ ആ ശിശു പ്രസിദ്ധി കേള്‍ക്കും. മുഹൂര്‍ത്ത രാശിയില്‍ നീചഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ ഉണ്ടെങ്കില്‍ യശ്ശസ് ഇല്ലാതെയുമിരിക്കും. ബന്ധുക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹത്തിന്റെ യോഗമോ ദൃഷ്ടിയോ മുഹൂര്‍ത്ത ലഗ്നത്തിനുണ്ടായാല്‍ ആ പേര് ലോകപ്രിയമായി തീരും. ഉച്ചസ്ഥനാ‍യ ഗ്രഹം ശുഭനായിരുന്നാല്‍ ഫലം പൂര്‍ണമായിരിക്കുകയും ചെയ്യും.

മുത്തച്ഛന്റെ പേര് ആണ്‍കുട്ടിക്കും മുത്തശ്ശിയുടെ പേര് പെണ്‍‌കുട്ടിക്കും ഇടുന്ന പതിവ് ചില ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഉണ്ട്. പിതൃക്കളുടെ നാമവും സ്മരണയും എക്കാലവും നിലനിര്‍ത്തുന്ന ഈ സമ്പ്രദായം പിതൃപ്രീതികരവുമാണ്. ഉച്ചരിക്കാന്‍ ക്ലേശമില്ലാത്തതും സൌമ്യതയുള്ളതും സ്പഷ്ടതയും അര്‍ത്ഥവും ഉള്ളതും സന്തോഷം ജനിപ്പിക്കുന്നതും മംഗളകരവും ദീര്‍ഘസ്വരാന്തവുമായ പേരുകള്‍ സ്ത്രീകള്‍ക്കിടണമെന്ന് സ്മൃതികാരന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാലത്ത് നാമകരണ ചടങ്ങില്‍ ദേവീദേവന്‍‌മാരുടെ പേര് ഇടുകയും പിന്നീട് ഔദ്യോഗികമായി മറ്റ് പേര് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും, അര്‍ത്ഥമില്ലാത്ത പേരുകള്‍ ഒഴിവാക്കുകയാണ് ഉത്തമം.

ജനിച്ച കൂറിന്റെ 3, 5, 7, 9, 11 രാശികളില്‍ പെട്ട ഏതെങ്കിലും അക്ഷരം പേരിന്റെ ആദ്യത്തെ അക്ഷരമായിരിക്കുന്നത് ഉത്തമമായിരിക്കും.

നാമകരണ മുഹൂര്‍ത്ത ദിവസം നിലവിളക്ക് കൊളുത്തി അതിനു മുന്നില്‍ ഗണപതിയൊരുക്ക് വയ്ക്കേണ്ടതാണ്. കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച കുട്ടിയെ അച്ഛനോ മുത്തശ്ശിയോ അമ്മാവനോ മടിയില്‍ ഇരുത്തി കിഴക്കോട്ട് ഇരിക്കണം. കുറുകിയ വിധത്തില്‍ കാച്ചിയ തേങ്ങാപ്പാല് ഞാറയുടെ ഇലകൊണ്ടുള്ള കുമ്പിളില്‍ അല്പം കോരിയെടുത്ത് കുഞ്ഞിന്റെ ചുണ്ടില്‍ ഇറ്റിച്ച ശേഷം കുമ്പിളു കുത്തിയ ഇല പിന്നോട്ട് എറിയുന്നു. ഇത്തരത്തില്‍ മൂന്ന് തവണ ചെയ്യണം. പിന്നീട്, വെറ്റിലകൊണ്ട് കുഞ്ഞിന്റെ ഒരു ചെവി അടച്ചു പിടിച്ച് മറ്റേ ചെവിയിലൂടെ മൂന്ന് പ്രാവശ്യം പേര് വിളിക്കുന്നു. പിന്നീട്, മറ്റേ ചെവിയിലൂടെയും ഇത് ആവര്‍ത്തിക്കേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :