മനോ ജോ ജോസഫ്|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (19:00 IST)
ഗ്രഹണം എന്നുപറയുന്നത് വെറും നിഴല്‍ വീഴ്‌ചയാണ്. സൂര്യനെ മറയ്‌ക്കുന്ന ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ വീഴുന്നതാണ് സൂര്യഗ്രഹണമായി കണക്കാക്കുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതിനെ ചന്ദ്രഗ്രഹണം എന്നും പറയുന്നു.
ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുപ്പമുണ്ട് സൂര്യന്. വലുപ്പത്തില്‍ തീരെ ചെറിയ ചന്ദ്രന്‍ എങ്ങനെയാണ് സൂര്യനെ മറയ്ക്കുന്നത് എന്നാണോ?
ഇവിടെയാണ് ദൂരം മുഖ്യമായ ഒരു പങ്കുവഹിക്കുന്നത്. ചന്ദ്രനും ഭൂമിക്കും ഇടയിലുള്ള ദൂരം 3,84,400 കിലോമീറ്ററാണ്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ദൂരം എത്രയാണെന്ന് അറിയുമോ? 14 കോടി 96 ലക്ഷം കിലോമീറ്റര്‍. ഇതിനാലാണ് സൂര്യനും ചന്ദ്രനും ഒരേ വലുപ്പമാണെന്ന് നമ്മുടെ കാഴ്ചയ്ക്ക് തോന്നുന്നത്.
ഡിസംബര്‍ 26ആം തീയതി വലയ സൂര്യഗ്രഹണം എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്ന ചോദ്യം നമ്മളില്‍ ഉയരും. ചന്ദ്രന്‍ ഭൂമിയെ ദീര്‍ഘവൃത്താകൃതിയില്‍ ചുറ്റിക്കൊണ്ടിരിക്കുകയാണ്. ഭൂമിയും സൂര്യനെ അണ്ഡാകാര ആകൃതിയില്‍ ചുറ്റിക്കൊണ്ടിരിക്കുന്നു. അങ്ങനെ ചുറ്റിവരുമ്പോള്‍ രണ്ടും അടുത്തെത്തുന്ന നിലയിലാകുമ്പോള്‍ വീക്ഷണകോണ്‍ വലുതായും ദൂരെയെത്തുമ്പോള്‍ ചെറുതായുമുള്ള കാഴ്‌ചാനുഭവം ഉണ്ടാകുന്നു. ഒരു നേര്‍രേഖയില്‍ സൂര്യനും ചന്ദ്രനും ഭൂമിയും വരുന്ന ഒരു ഘട്ടത്തില്‍ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മറയ്ക്കുന്നതുപോലെ തോന്നും. സൂര്യന്‍റെ മധ്യഭാഗം മാത്രം മറഞ്ഞ് ബാക്കിയുള്ള ഭാഗം ഒരു അഗ്‌നിവലയം പോലെ കാണപ്പെടും. ഇതാണ് വലയ സൂര്യഗ്രഹണം.