ഭാരതീയ വിധിപ്രകാരം മൈഥുനത്തിന് മഹത്തായ ഒരു തലമാണുള്ളത്. വിവാഹ ശേഷം സന്താനത്തിനായി ഭാര്യയും ഭര്‍ത്താവും ബന്ധപ്പെടുന്നതിന് ചില നിഷ്ഠകള്‍ പാലിക്കേണ്ടതുണ്ട് എന്ന് ഭാരതീയ ശാസ്ത്രങ്ങള്‍ നിഷ്കര്‍ഷിക്കുന്നു.
സന്താന ലബ്ധിക്കു വേണ്ടി ഭാര്യയും ഭര്‍ത്താവും ലൈംഗിക ബന്ധം പുലര്‍ത്തുന്നതിനെ ഗര്‍ഭാധാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ആധുനിക ശാസ്ത്രങ്ങള്‍ പറയുന്നതു പോലെ മാനസികമായ ശുദ്ധി ഇതിന് അത്യാവശ്യമാണെന്ന് ഭാരതീയ ശാസ്ത്രങ്ങളും പറയുന്നു.
ഭയം, ഉത്കണ്ഠ, ദുഷ്ടവിചാരങ്ങള്‍ എന്നിവ ഗര്‍ഭാധാന സമയത്ത് ഉണ്ടാവാന്‍ പാടില്ല. സന്തോഷകരമായ അന്തരീക്ഷത്തില്‍ നിര്‍മ്മല ഭാവത്തോടെയും പരസ്പരം പരമാവധി ആകൃഷ്ടരായും വേണം ഗര്‍ഭാധാനം നടത്തേണ്ടത്.
സദ് സന്താനത്തിനായി ഭക്ഷണം കഴിച്ച് മത്തരായിരിക്കുമ്പോള് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്. അതേപോലെ, വിശന്ന വയറോടെയും ബന്ധപ്പെടരുത്. വിശുദ്ധ സ്ഥലങ്ങള്‍, വിശുദ്ധ വൃക്ഷങ്ങളുടെ ചുവട്, തുറസായ സ്ഥലം, ജലാശയം എന്നിവിടങ്ങളില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും നിഷിദ്ധമാണ്.
ഇണയുടെ വികാര വിചാരങ്ങള്‍ ജനിക്കുന്ന കുഞ്ഞിനെയും ബാധിക്കുമെന്നാണ് വിശ്വാസം. കാമമില്ലാത്തവളെയും രജസ്വലയെയും പരപുരുഷനെ കാമിക്കുന്നവളെയും ഗര്‍ഭിണിയെയും ഭയമുള്ളവളെയും സംഗം ചെയ്യരുത്. അതേപോലെ പരസ്ത്രീയെ വിചാരിക്കുന്ന പുരുഷനുമായും ബന്ധം അരുത്.
സദ് സന്താന ലബ്ധിക്കായി, രേവതി, ഉത്രട്ടാതി, ഉത്രം, ഉത്രാടം, ചതയം, തിരുവോണം, രോഹിണി, അത്തം, അനിഴം, ചോതി എന്നീ നാളുകളില്‍ ലൈംഗിക ബന്ധം പുലര്‍ത്തുന്നത് ഉത്തമമായി കണക്കാക്കുന്നു. ചതുര്ദശി, അമാവാസി, അഷ്ടമി, പൌര്‍ണമി, പ്രഥമ, ഏകാദശി, നവമി എന്നീ അവസരങ്ങള്‍ മൈഥുനത്തിന് നന്നല്ല. അതേ പോലെ ശ്രാദ്ധ ദിനത്തിലും അതിന്റെ തലേ ദിവസവും സ്ത്രീ സംഗമം പാടില്ല. ചൊവ്വയും ശനിയും ദിവസങ്ങളില്‍ മൈഥുനം ഒഴിവാക്കേണ്ടതാണ്.
വിവാഹിതര്‍ ലൈംഗിക കാര്യങ്ങളില്‍ ചിട്ട വളര്‍ത്തുന്നത് ആരോഗ്യം നിലനിര്‍ത്താനും ലൈഗികാസ്വാദ്യത ഏറെനാള്‍ അനുഭവിക്കാനും വഴിയൊരുക്കുമെന്നാണ് ശാസ്ത്ര വിധികള്‍ പറയുന്നത്. വിവാഹ ജീവിതത്തില്‍ പരപുരുഷ/പരസ്ത്രീ ബന്ധം തികച്ചും നിഷിദ്ധമാണെന്നും ഭാരതീയ ശാസ്ത്രങ്ങള്‍ പറയുന്നു.