മന്ത്രവാദം - ഒരു അന്വേഷണം

WEBDUNIA|
പ്രകൃതി മനുഷ്യനെ എന്നും കുഴക്കിയിട്ടുണ്ട്. പ്രകൃതിയോട് മല്ലടിച്ച് സംസ്കാരം കെട്ടിപ്പെടുത്ത മനുഷ്യന്‍ പലപ്പോഴും അനന്തമജ-്ഞാതമായ ഏതൊക്കെയോ ദുരൂഹശക്തികള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. പ്രകൃതിയില്‍ അവന് മനസ്സിലാവാത്ത രഹസ്യങ്ങളോടുള്ള ഭക്തി-ഭയ-ബഹുമാനങ്ങളുടെ ആകത്തുകയാണ് മന്ത്രവാദമെന്ന് ചുരുക്കത്തില്‍ വിവക്ഷിക്കാം.

മഴയും വെയിലും മഞ്ഞും കാറ്റും മനുഷ്യനെ സഹായിക്കുക മാത്രമല്ല, ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. സഹായിക്കുമ്പോള്‍ ഈ ശക്തികള്‍ ഇഷ്ടദേവതകളും ഉപദ്രവിക്കുമ്പോള്‍ ഉഗ്രമൂര്‍ത്തികളുമാവുന്നത് അവന്‍ അറിഞ്ഞു. ഉഗ്രമൂര്‍ത്തികളെ പ്രീതിപ്പെടുത്താന്‍ എന്തു ചെയ്യണമെന്നായി പിന്നീടവന്‍റെ ചിന്ത. ഇത് ആരാധനകള്‍ക്കും പലതരം ബലിയര്‍പ്പണങ്ങള്‍ക്കും കാലാന്തരത്തില്‍ മന്ത്രവാദത്തിനും വഴിവച്ചു.

കാലം പിന്നേയും കഴിഞ്ഞു. ഉഗ്രമൂര്‍ത്തികള്‍ അവന് പലതായി. പ്രാദേശികസ്വഭാവമുള്ള മൂര്‍ത്തികളെ അവന്‍ സങ്കല്‍പ്പിച്ചു. അവരെ പ്രീതിപ്പെടുത്താനായി ആരാധനാക്രമങ്ങള്‍ സൃഷ്ടിച്ചു. പ്രകൃതിയെ വേണ്ട രീതിയില്‍ മാറ്റാന്‍ മാത്രമല്ല, തനിക്കിഷ്ടമില്ലാത്ത അന്യരെക്കൂടെ ഇല്ലാതാക്കാന്‍ മൂര്‍ത്തികളെ പ്രീതിപ്പെടുത്തിയാലാവുമെന്ന് അവന്‍ വിശ്വസിക്കാന്‍ തുടങ്ങിയതോടെ ദുര്‍മന്ത്രവാദം ഉടലെടുത്തു.

മനുഷ്യന്‍റെ തലയും പോത്തിന്‍റെ കാലുമായി വഴിയില്‍ നടക്കുന്നവരെ പേടിപ്പിക്കാന്‍ നില്‍ക്കുന്ന ഒടിയനെപ്പറ്റി എത്ര കഥകളാണ് നമ്മള്‍ കേട്ടിരിക്കുന്നത്. വീട്ടിലൊരു കുട്ടി ജ-നിച്ചാല്‍ മറുപിള്ളക്കായി കാത്തുനില്‍ക്കുന്ന ചാത്തപ്പനെപ്പറ്റി മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്. മറുപിള്ള ദുര്‍മന്ത്രവാദത്തിലെ ഒരു സുപ്രധാന വസ്തുവാണെത്രെ.

നമ്മള്‍ ജ-ീവിക്കുന്ന ആധുനിക കാലഘട്ടത്തില്‍ ലോകസിനിമയും ലോകസാഹിത്യവും മനുഷ്യന്‍റെ ഭൂതപ്രേതവിശ്വാസങ്ങളെ അരക്കെട്ടുറപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡ്രാക്കുള പോലുള്ള ഒരു കൃതിക്ക് പാശ്ഛാത്യലോകം കൊടുത്ത വരവേല്‍പ്പിനെപ്പറ്റി ചിന്തിക്കുക. അന്ധവിശ്വാസമെന്ന് യുക്തിചിന്ത തള്ളിക്കളയുമ്പോഴും, മന്ത്രവാദക്കളങ്ങളില്‍ തിരി തെളിഞ്ഞുകൊണ്ടിരിക്കുന്നത് നമ്മെ വിചിന്തനത്തിന് സഹായിക്കേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :