അരുതാത്ത കാര്യങ്ങള്‍ വല്ലതും പറയുമ്പോള്‍ മറ്റുള്ളവര്‍ പറയും നാക്കില്‍ ഗുളികന്‍ ഇരിക്കുന്നുണ്ടാവും, സൂക്ഷിച്ചു പറയണം എന്ന്. പറഞ്ഞത് അറം പറ്റിയതുപോലെ ഫലിക്കും എന്നാണ് ഇതിന്‍റെ സൂചന. മറ്റൊന്ന് ഉപദ്രവിക്കുന്ന കാര്യത്തില്‍ ഗുളികന്‍ ഒന്നാമനാണ് എന്നുമാണ്.
പാപനായ ശനിഗ്രഹത്തിന്‍റെ മകനും സൂര്യന്‍റെ പേരമകനുമാണ് ഗുളികന്‍. ശനിയോടൊപ്പം തന്നെ ഗുളികനും ഉദിക്കുന്നു. രാശികളില്‍ മറ്റ് ഗ്രഹങ്ങളെ പോലെ ക്രമമായി സഞ്ചരിക്കുന്ന പതിവ് ഗുളികനില്ല.
പാപികളില്‍ ഒന്നാമനും ദ്രോഹികളില്‍ മുമ്പനുമാണ് ഗുളികന്‍. അതുകൊണ്ട് ഗുളികകാലം പൊതുവേ മോശം കാലമാണ്. ശുഭകാര്യങ്ങള്‍ക്കും കാര്യസാദ്ധ്യങ്ങള്‍ക്കുള്ള യാത്രയ്ക്കും ഈ ദോഷകാലം ഒഴിവാക്കണം. എങ്കിലും ചില ശുഭകാര്യങ്ങള്‍ക്ക് ഗുളികകാലം നല്ലതാണ്.
ജ്യോതിഷം ഏഴ് എന്ന സംഖ്യകൊണ്ട് കാണിക്കുന്ന ഗുളികന്‍ പരേതാത്മാവായാണ് കണക്കാക്കുന്നത്. ജാതകത്തില്‍ അനിഷ്ട സ്ഥാനങ്ങളിലോ മറ്റ് ഗ്രഹങ്ങളോട് പാപബന്ധത്തോടു കൂടിയോ നില്‍ക്കുന്ന ഗുളികനെ വളരെയധികം പേടിക്കേണ്ടതുണ്ട്.വ്യാഴം ഒഴിച്ച് ഏത് ഗ്രഹം ഗുളികനോട് ചേര്‍ന്നു നില്‍ക്കുകയോ ഗുളികനിലേക്ക് ദൃഷ്ടി പായിക്കുകയോ ചെയ്താല്‍ ആ ഗ്രഹങ്ങളില്‍ ഉണ്ടാവുന്ന സദ്ഗുണങ്ങള്‍ കുറയും. വംശ ശുദ്ധി, കുലക്ഷയം, സന്താനനാശം, മനോരോഗം എന്നീ കാര്യങ്ങള്‍ക്ക് പരിഹാരം കാണുമ്പോള്‍ ഗുളികന്‍റെ സ്ഥാനം പരിഗണിക്കാറുണ്ട് .
പ്രേത പിശാച് ബാധ, പൂര്‍വ്വികരുടെ അനിഷ്ടം, കുടുംബ ദേവതകളുടെ അപ്രീതി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുമ്പോഴും ഫലം നിര്‍ണ്ണയിക്കുമ്പോഴും കേരളീയ ജ്യോതിഷത്തില്‍ ഗുളികന്‍റെ സ്ഥാനം കൂടി കണക്കിലെടുക്കറുണ്ട്