കാര്‍ത്തികയും ഭരണിയും ശുഭമല്ല

മുഹൂര്‍ത്തം ഗണിക്കുമ്പോള്‍-ഏഴാം ഭാഗം

WEBDUNIA|
PRO
കാര്‍ത്തിക, ഭരണി, ആയില്യം, തൃക്കേട്ട, തിരുവാതിര, പൂരം, പൂരാടം, പൂരുരുട്ടാതി, മകം, മൂലം, വിശാഖം എന്നീ നക്ഷത്രങ്ങളും കൃഷ്ണപക്ഷവും ഛിദ്രാതിഥികളും പാപവാരങ്ങളും പാപരാശികളും പാപഗ്രഹങ്ങളുടെ കാലഹോരയും സകല ശുഭകര്‍മ്മങ്ങള്‍ക്കും വര്‍ജ്ജ്യമാവുന്നു.

ധൂമസ്ഫുടം, വൃതീപാതസ്ഫുടം, പരിവേഷസ്ഫുടം, ഇന്ദ്രചാപസ്ഫുടം, ഉപകേതുസ്ഫുടം എന്നീ പഞ്ച സ്ഫുടങ്ങള്‍ ഏതേതു നക്ഷത്രങ്ങളില്‍ വരുന്നുവോ ആ നക്ഷത്രങ്ങളെല്ലാം ശുഭമുഹൂര്‍ത്തങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്.

ഭൂകമ്പസ്ഫുടത്തില്‍ വന്ന നാഴികയ്ക്കുമേല്‍ 12 ഉം ഉല്‍ക്കാനിപാതസ്ഫുട നക്ഷത്രത്തില്‍ വന്ന നാഴികയ്ക്കു മേല്‍ 7 ഉം ബ്രഹ്മദണ്ഡസ്ഫുട നക്ഷത്രത്തില്‍ വന്ന നാഴികയ്ക്ക് മേല്‍ 7 ഉം ബ്രഹ്മസ്ഫുട നക്ഷത്രത്തിനു വന്ന നാഴികയ്ക്ക് മേല്‍ 10 ഉം ധ്വജസ്ഫുട നക്ഷത്രത്തില്‍ വന്ന നാഴികയ്ക്ക് മേല്‍ 6 ഉം നാഴികകള്‍ ശുഭമുഹൂര്‍ത്തങ്ങള്‍ക്ക് ഏറ്റവും നിന്ദ്യങ്ങളാണ്.

ഉതൃട്ടാതിയുടെയും ആയില്യത്തിന്റെയും ഒന്നാം പാദവും മൂലത്തിന്റെയും ഭരണിയുടെയും രണ്ടാം പാദവും തിരുവോണത്തിന്റെയും ഉത്രത്തിന്റെയും മൂന്നാം പാദവും മകയിരത്തിന്റെയും ചോതിയുടെയും നാലാം പാദവും ഒരു ശുഭകര്‍മ്മങ്ങള്‍ക്കും പാടില്ലാത്തതാവുന്നു. ഇപ്പറഞ്ഞവയില്‍ നിന്നും മൂന്നാമത്തെ അംശം ഏറ്റവും ദോഷമാകയാല്‍ അതും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജ്യമാണ്.

പരിഘം, വൃതീപാദം, വജ്രം, വ്യാഘാതം, വൈധൃതം, വിഷ്കംഭം, ശൂലം, ഗണ്ഡം, അതിഗണ്ഡം, എന്നീ ഒമ്പത് നിത്യോപയോഗങ്ങള്‍ ശുഭകര്‍മ്മങ്ങള്‍ക്ക് നിന്ദ്യങ്ങളാവുന്നു. ഇതില്‍, പരിഘത്തിന്റെ അവസാനത്തെ 30 നാഴികയും വജ്രയോഗത്തിന്റെ അവസാനത്തെ ഒമ്പത് നാഴികയും വ്യാഘാതയോഗത്തിന്റെ അവസാനത്തെ മൂന്ന് നാഴികയും വൈധൃതയോഗത്തിന്റെ അവസാനത്തെ 15 നാഴികയും വിഷ്കംഭയോഗത്തിന്റെ അവസാനത്തെ അഞ്ച് നാഴികയും ശൂലത്തിന്റെ അവസാനത്തെ ഏഴ് നാഴികയും ഗണ്ഡയോഗത്തിന്റെയും അതിഗണ്ഡയോഗത്തിന്റെയും അവസാനത്തെ ആറ് നാഴികയും അതി ദോഷങ്ങളാകയാല്‍ മുഹൂര്‍ത്തങ്ങള്‍ക്ക് ഏറ്റവും വര്‍ജ്ജ്യമാണ്.

ഞായറാഴ്ചയും ഷഷ്ഠി, സപ്തമി, ദ്വാദശി,ചതുര്‍ദ്ദശി, ചതുര്‍ത്ഥി എന്നീ തിഥികളില്‍ ഒരു തിഥിയും കൂടി വരുന്ന ദിവസവും; തിങ്കളാഴ്ചയും ഏകാദശി, സപ്തമി, ഷഷ്ഠി എന്നീ തിഥികളില്‍ ഒരു തിഥിയും കൂടിവരുന്ന ദിവസവും; ചൊവ്വാഴ്ചയും പഞ്ചമി, സപ്തമി, ദശമി, എന്നിവയിലൊന്നും കൂടി വരുന്ന ദിവസവും; വ്യാഴാഴ്ചയും ഷഷ്ഠി, അഷ്ടമി, നവമി, ദ്വാദശി എന്നിവയിലൊന്നും കൂടി വരുന്ന ദിവസവും; വെള്ളിയാഴ്ചയും ദ്വിതീയ, ത്രിതീയ, അഷ്ടമി, വവമി, ഏകാദശി, ദശമി എന്നിവയിലൊന്നും കൂടി വരുന്ന ദിവസവും ശുഭകര്‍മ്മങ്ങള്‍ക്ക് വര്‍ജ്ജിക്കേണ്ടതാണ്.

(ലേഖനം അടുത്ത ആഴ്ചയും തുടരുന്നതാണ്)

എസ് ബാബുരാജന്‍ ഉണ്ണിത്താന്‍
ശാസ്താംതെക്കതില്‍
അമ്മകണ്ടകര
അടൂര്‍ പി.ഒ.
ഫോണ്‍ - 9447791386


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :