വിവാദമായ പ്രദര്‍ശനമത്സരത്തില്‍ നിന്ന് ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദിനേശ് കാര്‍ത്തിക്കും പിന്‍മാറി. വെല്ലിംഗ്ടണില്‍ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ ഐസിഎല്‍ ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്ത മുന്‍ ന്യൂസിലാന്‍ഡ് ബാറ്റ്സ്മാന്‍ ഹാമിഷ് മാര്‍ഷലും ഉള്‍പ്പെട്ടിരുന്നു.
ഐസിഎല്ലില്‍ റോയല്‍ ബംഗാള്‍ ടൈഗേഴ്സിന് വേണ്ടിയാണ് ഹാമിഷ് കളിച്ചിരുന്നത്. ടെന്‍ഡുല്‍ക്കറിന്‍റെ ടീമിലായിരുന്നു ഹാമിഷ്. ഐസിഎല്‍ താരങ്ങള്‍ ഉള്ള കളികളില്‍ ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ഇതേ തുടര്‍ന്നാണ് പിന്‍മാറാന്‍ ഇരുവരും തീരുമാനിച്ചത്.
ന്യൂസിലാന്‍ഡ് ക്രിക്കറ്റ് പ്ലെയേഴ്സ് അസോസിയേഷനും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള മാസ്റ്റേര്‍സ് ട്വന്‍റി20 മത്സരത്തിലാണ് ഇരുവരെയും ഉള്‍ക്കൊള്ളിച്ചിരുന്നത്. ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റ് പ്ലെയേഴ്സിന് വേണ്ടിയും കാര്‍ത്തിക് മറുപക്ഷത്തുമായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
ഐസിഎല്‍ കളിക്കാര്‍ക്ക് ആഭ്യന്തര ലീഗില്‍ പങ്കെടുക്കുന്നതിന് ന്യൂസിലാന്‍ഡ് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഹാമിഷിന്‍റെ ഐസിഎല്ലുമായുള്ള കരാര്‍ കഴിഞ്ഞ കൊല്ലത്തോടെ കഴിഞ്ഞുവെന്നായിരുന്നു ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ വിശദീകരണം.
ന്യൂസിലാന്‍ഡില്‍ ആദ്യമത്സരങ്ങളില്‍ പങ്കെടുക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലന മത്സരത്തിന് അവസരമൊരുക്കുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ട്വന്‍റി20 സ്ക്വാഡില്‍ ഇല്ലാത്ത ടെന്‍ഡുല്‍ക്കറിനും കാര്‍ത്തിക്കിനും മത്സരത്തിന് കളമൊരുക്കിയത്.