സാക്ഷിയാകാന്‍ ജിനിലും റോമിലേക്ക്

WEBDUNIA|
അല്‍ഫോണ്‍സാമ്മയെ റോമിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ മാര്‍പ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന ദിവ്യമായ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ ജിനിലും പോകുന്നു. അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യപിക്കുന്നതിനു നിദാനമായ അല്‍ഭുത പ്ര വൃത്തികളിലൊന്ന് ജിനിലിന്‍റെ കാല്‍ ശരിപ്പെടുത്തിയതാണ്.

1998 മെയ് അഞ്ചിന് ജനിച്ചപ്പോള്‍ ജിനിലിന്‍റെ കാലുകള്‍ വളഞ്ഞാണിരുന്നത്. ഇത് ശരിപ്പെടുത്താന്‍ ശസ്ത്രക്രിയയും തീരുമാനിച്ചതാണ്. 1999 നവംബര്‍ 25 ന് മാതാപിതാക്കളായ ഷാജിയും ലിസിയും ജിനിലിനെ അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍ കൊണ്ടുപോയി പ്രാര്‍ത്ഥിച്ചു.

ഭരണങ്ങാ‍നത്തെ കബറിടത്തില്‍ കിടത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ കാലുകള്‍ ഇളകുകയും സ്വയം നിവരുകയും ചെയ്തു. വീട്ടിലെത്തി സന്ധ്യാ പ്രാര്‍ത്ഥനയുടെ സമയത്ത് ജിനില്‍ കാലുകള്‍ നിലത്തൂന്നി നടന്നു.

ഈ അത്ഭുത പ്ര വൃത്തി വത്തിക്കാന്‍ ശാസ്ത്രീയമായി ശരിവച്ചു. മോണ്‍സിഞ്ഞോര്‍ ജോസഫ് മറ്റത്തിന്‍റെ നേതൃത്വത്തില്‍ 40 സാക്ഷികളില്‍ 12 ഡോക്‍ടര്‍മാരെയും വിളിച്ചു തെളിവെടുത്തു.

2002 സെപ്തംബര്‍ 30 ന് അത്ഭുതം സംഭവിച്ച തെളിവുകള്‍ മുദ്രവച്ചു. ഒക്‍ടോബര്‍ 12 ന് റോമിലെ ഡോക്‍ടര്‍മാര്‍ ഇത് പരിശോധിച്ച് അംഗീകരിച്ചു. 2006 മാര്‍ച്ച് അഞ്ചിന് ഡോക്‍ടര്‍മാരുടെ കൌണ്‍സിലും കര്‍ദ്ദിനാള്‍മാരുടെ കൌണ്‍സിലും അത്ഭുതം ശരിവച്ചു.

2007 ജൂണ്‍ ഒന്നിന് മാര്‍പ്പാപ്പ ബെനഡിക്‍ട് പതിനാറാമന്‍ ഇതില്‍ ഒപ്പുവച്ചു. അതിനെ തുടര്‍ന്നാണ് 2008 ഒക്‍ടോബര്‍ 12 ന് അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്ക് അനുമതി നല്‍കിയത്. മാതാപിതാക്കളോടും അനുജനോടും ഒപ്പമാണ് ജിനില്‍ റോമിലേക്ക് പോകുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :