വത്തിക്കാനിലെ ചടങ്ങുകള്‍

വത്തിക്കാന്‍| WEBDUNIA|
സഹന ജീവിതവും പ്രാര്‍ത്ഥനയും കാരുണ്യവും കൊണ്ട് ദിവ്യമായ സന്യാസ ജീവിതം നയിക്കുകയും യേശുനാഥന്‍റെ പ്രിയപ്പെട്ടവളായി മാറുകയും ചെയ്ത വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നു മുപ്പതിന് വിശുദ്ധയായി മാറും.

വത്തിക്കാന്‍ സമയം രാവിലെ 10 മണിക്കാണ്‌ ചടങ്ങ്‌. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആമുഖ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന പ്രദക്ഷിണത്തോടെയാണ് വിശുദ്ധ നാമകരണ തിരുക്കര്‍മ്മങ്ങള്‍ തുടങ്ങുക.

വാഴ്ത്തപ്പെട്ടവളുടെ നാമകരണത്തിനായി മാര്‍പ്പാപ്പ ബെനഡിക്‍ട് പതിനാറാമനെ നാമകരണ സംഘത്തിന്‍റെ തലവന്‍ ക്ഷണിക്കും. തുടര്‍ന്ന് അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക ‘ഡിക്രി” മാര്‍പ്പാപ്പ വായിക്കും.

ബസിലിക്കയുടെ അങ്കണത്തില്‍ നാലു പുണ്യാത്‌മാക്കളെയാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്‌.

വിശ്വാസികള്‍ കൃതജ്ഞതാ സൂചകമായി ഹല്ലേലുയ്യ ആലപിക്കും. ക്ലാരിസ്റ്റ് സഭാ മദര്‍ ജനറല്‍ സിസ്റ്റര്‍ സിലിയ അരുളിക്കയില്‍ സൂക്ഷിച്ചുവച്ച അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുമായി മാര്‍പ്പാപ്പയുടെ അടുത്തേക്ക് നീങ്ങും.

നാമകരണ കോടതിയുടെ ‘വൈസ് പോസ്റ്റുലേറ്റര്‍‘ ഫാദര്‍ ഫ്രാന്‍സിസ് വടക്കേലും മുന്‍ മന്ത്രിയായ കെ.എം മാണിയും പൂക്കളും സുഗന്ധ തിരികളുമായി അവരെ പിന്തുടരും.

തിരുശേഷിപ്പുകള്‍ മാര്‍പ്പാപ്പ സ്വീകരിച്ച ശേഷം വിശുദ്ധ കുര്‍ബാന നടക്കും. ദിവ്യബലി, ത്രികാല ജപം എന്നിവയ്ക്ക് ശേഷം മാര്‍പ്പാപ്പയുടെ ആശീര്‍വാദം നടക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :