അല്‍ഫോണ്‍സാമ്മയെ വിശുദ്ധ യായി പ്രഖ്യാപിക്കുന്നതില്‍ ഏറ്റവും അധികം സന്തോഷം കൊള്ളുന്നവരാണ് മുട്ടുച്ചിറയിലെ മുരിക്കന്‍ തറവാട്ടിലെ അംഗങ്ങള്‍. അന്നക്കുട്ടി എന്ന അല്‍ഫോണ്‍സാമ്മ വളര്‍ന്നത് ഇവിടെയാണ് എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.
ജനിച്ച് ഇരുപത്തൊമ്പതാം ദിവസം അമ്മയെ നഷ്ടപ്പെട്ട അന്നക്കുട്ടി അമ്മയുടെ സഹോദരി അന്നമ്മയുടെ സംരക്ഷണയിലാണ് മുരിക്കന്‍ തറവാട്ടില്‍ വളര്‍ന്നത്. എന്നാല്‍ നാട്ടുനടപ്പനുസരിച്ച് പന്ത്രണ്ടാം വയസ്സില്‍ വിവാഹ നിശ്ചയത്തിനു കുടുംബാംഗങ്ങള്‍ മുതിര്‍ന്നപ്പോള്‍ സന്യാസ ജീവിതം ലക്‍ഷ്യമിട്ട അന്നക്കുട്ടിക്ക് അത് ഇഷ്ടമായില്ല.
ഇതില്‍ നിന്ന് രക്ഷപെടാനായി അന്നക്കുട്ടി മുരിക്കന്‍ തറവാട്ടിലെ ചാരക്കൂനയില്‍ സ്വന്തം കാലുകള്‍ പൊള്ളിക്കുകയായിരുന്നു. ഇതറിഞ്ഞതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ തന്നെ അന്നക്കുട്ടിയെ സന്യാസ ജീവിതത്തിലേക്ക് നയിക്കാന്‍ ക്ലാര മൌണ്ടിലേക്ക് പോവുകയാണുണ്ടായത്.
അങ്ങനെയാണ് അന്നക്കുട്ടി അല്‍ഫോണ്‍സാമ്മയാവാന്‍ അവസരമുണ്ടായതും എന്നാണ് മുരിക്കന്‍ തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ മത്യു ജോസഫ് പറയുന്നത്.
അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത് നേരിട്ട് സംപ്രേക്ഷണം ചെയ്യാന്‍ മലയാളത്തിലെ ഒന്നിലേറെ ടെലിവിഷന്‍ ചാനലുകള്‍ മുന്നോട്ട് വന്നിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.