സഹനത്തിന്‍റെ അമ്മ അല്‍ഫോണ്‍സാമ്മയെ ഈ മാസം 12ന് വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തും.
പന്ത്രണ്ടാം തീയതി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് കേരളത്തിലെ ആദ്യ വിശുദ്ധയായി അല്‍ഫോണ്‍സാമ്മായെ പ്രഖ്യാപിക്കുക. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദ്ദിനാല്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ള പത്ത് പിതാക്കന്മാര്‍ സഹകാര്‍മ്മികത്വം വഹിക്കും.
വിശുദ്ധ പ്രഖ്യാപന ചടങ്ങിന്‍റെ തത്സമയ ദൃശ്യങ്ങള്‍ അല്‍ഫോണ്‍സാമ്മയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന കുടമാളൂരിലും കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം പള്ളിയിലും തത്സമയം സംപ്രേഷണം ചെയ്യും. ഭരണങ്ങാനത്ത് പുലര്‍ച്ചെ ആറ് മണിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ദിവ്യബലി അര്‍പ്പിക്കും.
പതിനായിരം മലയാളികള്‍ വത്തിക്കാനിലെ ചടങ്ങുകള്‍ക്ക് നേരിട്ട് സാക്‍ഷ്യം വഹിക്കും. ഒക്ടോബര്‍ 13ന് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനിലെ സെന്‍റ് ജോണ്‍ കത്തീഡ്രലില്‍ പ്രത്യേക ബലി അര്‍പ്പിക്കും. വിശുദ്ധ പ്രഖ്യാപനം നടക്കുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ ദേവാലയങ്ങളിലും പള്ളിമണികള്‍ മുഴങ്ങും.