അതിനു ശേഷം അന്നമ്മയും മകന് പെയിലോ ലൂക്കോയും കൂടി അന്നക്കുട്ടിയെ വീണ്ടും മുട്ടുചിറയ്ക്കു കൊണ്ടുവന്നു. മുരിക്കന്‍ ഭവനത്തില്‍ നിന്നുമാണ് അന്നക്കുട്ടി ഭരണങ്ങാനത്തെ ക്ലാര കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്നത്.
അവിടെ ആറാം ക്ളാസിലെ പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അന്നക്കുട്ടി തീയില്‍ വീണു. ദേഹമാസകലം പൊള്ളി. ഞായിപ്പള്ളി രാമന് കണിയാന്റെ ചികിത്സയിലൂടെ രക്ഷപെട്ടു. തൊണ്ണൂറാം ദിവസം അവര്‍ എണീറ്റു നടന്നു. ഒരു വര്‍ഷം ചികിത്സ തുടര്‍ന്നു. പിന്നേയും അല്‍ഫോണ്‍സാമ്മയെ രോഗപീഢകള്‍ പിന്തുടര്ന്നു.സഹനത്തിലൂടെയും പ്രാര്‍ഥനയിലൂടെയും അവരത് മറികടക്കാന്‍ ശ്രമിച്ചു.
മുരിക്കന്‍ വീട് ഇന്ന് അല്‍ഫോണ്‍സാമ്മയുടെ തിരുശേഷിപ്പുകളുടെ കേന്ദ്രമാണ്. ആ ദീപ്ത സ്മരണകള്‍ ഈ വീടിനെയും തീര്‍ഥാടന കേന്ദ്രമായി മാറ്റി.
മുരിക്കന്‍ വീട്ടില്‍ അല്‍ഫോണ്‍സാമ്മയുടെ സന്യാസ ജീവിതവുമായി ബന്ധപ്പെട്ട് ഏറെ പ്രാധാന്യമുള്ള ചാരക്കൂട്, അല്‍ഫോന്‍സാമ്മ ഉപയോഗിച്ചിരുന്ന പ്രാര്‍ഥനാമുറി, അല്‍ഫോന്‍സാ തുണിയില്‍ തുന്നിയ തിരുഹൃദയ രൂപം, വസ്ത്രങ്ങളും പുസ്തകങ്ങളും സൂക്ഷിച്ചിരുന്ന പെട്ടി, കുഞ്ഞായിരുന്നപ്പോള്‍ അല്‍ഫോന്‍സാമ്മയെ ഉറക്കിയിരുന്ന താരാട്ടുതൊട്ടില്‍, കാല്‍പൊള്ളിച്ചപ്പോള്‍ ചികിത്സയ്ക്കായി ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയെല്ലാം ഭക്ത്യാദരങ്ങളോടെ സൂക്ഷിച്ചിട്ടുണ്ട്.