ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ സമ്മാനത്തിന് അര്‍ഹനായ ബഹറിനിലെ നസീര്‍ എസ് അല്ഹാജിറി കോര്പ്പറേഷന്, സൌദി അറേബ്യയിലെ പെട്രോകെം എന്നിവയുടെ എം.ഡി ആയ കൊല്ലം സ്വദേശ് രവി പിള്ള കേരളത്തില്‍ പുതിയ പദ്ധതികള്‍ തുടങ്ങുന്നു. ഇതിനായി മുതല്‍മുടക്ക് നടത്താന്‍ സന്നദ്ധനാണെന്ന് അദ്ദേഹം ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
മെഡിക്കല്‍ ടൂറിസം, വിനോദസഞ്ചാരം എന്നീ മേഖലകളിലാണ് പ്രധാനമായും അദ്ദേഹം മുതല്‍മുടക്കുക. പെട്രോകെമിക്കല്‍, അടിസ്ഥാന സൌകര്യ വികസനം എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഉള്ള സാധ്യതകളെ കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എണ്ണ ശുദ്ധീകരണം, എണ്ണ, വാതകം, പെട്രോകെമിക്കത്സ്, വളം, സിമന്റ്, വൈദ്യുതി, സ്റ്റീല്‍ തുടങ്ങിയ മേഖലകളിലാണ് രവി പിള്ളയ്ക്ക് ഗള്‍ഫില്‍ ബിസിനസ് ഉള്ളത്. കേരളത്തിലെ അടിസ്ഥാന സൌകര്യ വികസനം പ്രധാനമായും റോഡുകള്‍ മുന്‍നിര്‍ത്തി മുതല്‍മുടക്കാന്‍ സന്നദ്ധനാണെന്ന് അദ്ദേഹം കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ നിര്‍ദ്ദിഷ്ട എക്സ്പ്രസ് ഹൈവേ പദ്ധതിയില്‍ മുതല്‍ മുടക്കാന്‍ ആവുമോയെന്ന് സര്‍ക്കാര്‍ അദ്ദേഹത്തോട് ആരാഞ്ഞിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച രണ്ട് ഹോട്ടലുകള്‍ രവി പിള്ള സ്ഥാപിക്കുന്നുണ്ട്. ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് ചെന്നൈയിലും. ഇതിനായി 120 കോടി രൂപയാണ് മുതല്‍മുടക്ക്.
ജന്മനാടായ കൊല്ലത്ത് 100 കോടി രൂപ ചെലവില്‍ മെഡിക്കല്‍ റിസോര്‍ട്ട് പണിയാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ഉപാസന ആശുപത്രി കൊല്ലത്ത് പാവപ്പെട്ടവര്‍ക്കായി ഒട്ടേറെ വൈദ്യശാസ്ത്ര സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
കേരളത്തിലെ 100 അനാഥാലയങ്ങള്‍ക്ക് അദ്ദേഹം ഭൂമി നല്‍കിയിട്ടുണ്ട്. വരുമാനമില്ലാത്ത കുടുംബങ്ങളിലെ ആളുകള്‍ക്ക് മൈക്രോ ഫൈനാന്‍സ് സൌകര്യം നല്കി അവരെ ഉല്‍പ്പാദന പ്രക്രിയയുടെ ഭാഗമാക്കാനും അദ്ദേഹം ശ്രമം നടത്തുന്നുണ്ട്.
എന്റെ ജീവനക്കാര്‍ക്ക് ഞാന്‍ മികച്ച ശമ്പളം നല്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള വിദഗ്ദ്ധ ജീവനക്കാര്‍ക്ക് പ്രതിമാസം 10,000 ഡോളര്‍ ശമ്പളം നല്‍കുന്നുണ്ട്. ഇത് ലോകത്തില്‍ എവിടെയുമുള്ള മികച്ച ശമ്പളത്തിനു തുല്യമാണ് - അഭിമാനത്തോടെ രവി പിള്ള പറഞ്ഞു.
സാംസംഗിന്റെ മികച്ച പങ്കാളി അവാര്‍ഡിന് രവി പിള്ള അര്‍ഹനായിട്ടുണ്ട്. ലോകത്തിലെ 100 പ്രധാന കമ്പനികളില്‍ രവി പിള്ളയുടെ കമ്പനി മികച്ചുനിന്നതിനാണ് ഈ അവാര്‍ഡ്.