ചിട്ടി പിടിച്ചാലും പണം കിട്ടണമെങ്കില്‍ ജാമ്യം നില്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വേണം എന്ന തലവേദനയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്‍റര്‍പ്രൈസസ് ചിട്ടിയില്‍ ചേരാന്‍ ആളെ കിട്ടാതിരുന്നതിനുള്ള മുഖ്യകാരണം. ഇതു മനസ്സിലാക്കി സര്‍ക്കാര്‍ തന്നെ ഈ പ്രശ്നം തീര്‍ക്കാനായി പോംവഴി കണ്ടുപിടിച്ചു കഴിഞ്ഞു.
കെ.എസ്.എഫ്.ഇ യുടെ നിലവിലുള്ള ജാമ്യവ്യവസ്ഥകളില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ വരുത്തി സേവനമേഖലയില്‍ മുന്നോട്ട് പോവുക എന്ന നയം സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു.
രാജ്യത്തെ, പ്രത്യേകിച്ച് സംസ്ഥാനത്തെ തൊഴില്‍മേഖലയിലും വരുമാനത്തിലും വന്ന മാറ്റങ്ങള്‍ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി എന്നാണ് അധികൃതര്‍ ഇതിനെ കുറിച്ച് നല്‍കുന്ന വിശദീകരണം
പുതിയ നയമാറ്റത്തോടെ ഐടി മേഖലയിലും മറ്റ് പ്രഫഷണല്‍ മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കും കെ.എസ്.എഫ്.ഇയുടെ പദ്ധതികളില്‍ ജാമ്യം നില്‍ക്കാനാവും എന്നായിട്ടുണ്ട്.
കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും തെരഞ്ഞെടുത്ത മറ്റു ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും മാത്രമായിരുന്നു ഇതുവരെ കെ.എസ്.എഫ്.ഇ ചിട്ടികളില്‍ വ്യക്തിഗതജാമ്യം അനുവദിച്ചിരുന്നത്. അവര്‍ക്കുതന്നെ സ്വന്തം ജാമ്യത്തിന്‍മേല്‍ പരമാവധി 50,000 രൂപവരെ മാത്രമാണ് മേല്‍ബാധ്യത അനുവദിച്ചിരുന്നത്.
എന്നാല്‍ പുതിയ ജാമ്യവ്യവസ്ഥ പ്രകാരം നിബന്ധനകള്‍ക്കു വിധേയമായി ജീവനക്കാര്‍ക്ക് സ്വന്തം ജാമ്യത്തിന്‍മേല്‍ രണ്ടു ലക്ഷം രൂപവരെ മേല്‍ബാധ്യതാ പരിധി ഉയര്‍ത്തിയിട്ടുണ്ട്.
അതു പോലെ തന്നെ സര്‍ക്കാരിതര ജോലിക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി വ്യക്തിഗത ജാമ്യ വ്യവസ്ഥയുടെ സംരക്ഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതോടെ ആദായ നികുതിദായകനായ ഒരാള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി മേല്‍ബാധ്യതയ്ക്ക് സ്വന്തം ജാമ്യം മതിയാകുന്നു. അതോടൊപ്പം കെ.എസ്.എഫ്.ഇയില്‍ ചിറ്റാളനായ ഒരാള്‍ ചിട്ടി വീഴ്ചവരുത്താതെ അടച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് അതിനുള്ള മുന്‍ഗണന ജാമ്യപരിധി നിര്‍ണയിക്കുമ്പോള്‍ നല്‍കുന്നു എന്നതും മറ്റൊരു ആകര്‍ഷണീയതയാവും.
ഏക ജാമ്യവ്യവസ്ഥകളിലും ബഹുജാമ്യവ്യവസ്ഥകളിലും ഇതോടൊപ്പം പരിധി ഉയര്‍ത്തിയിട്ടുണ്ട്. വ്യക്തിഗത ജാമ്യവ്യവസ്ഥയില്‍ പരമാവധി വരുത്താവുന്ന ബാധ്യത അഞ്ച് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
പുതിയ ജാമ്യവ്യവസ്ഥപ്രകാരം മാര്‍ക്കറ്റ് വിലയുടെ 50ശതമാനംവരെയുള്ള ബാധ്യതയ്ക്ക് വസ്തു ജാമ്യമായി സ്വീകരിക്കുന്നതാണ്. അതുപോലെ വസ്തുവിന് വിലയുള്ള സ്ഥലങ്ങളില്‍ മാര്‍ക്കറ്റ് വിലയുടെ 75 ശതമാനം വരെയുള്ള ബാധ്യതയ്ക്ക് ജാമ്യമായി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ നയമനുസരിച്ച് ഒരു കോടി രൂപ വരെയുള്ള ബാധ്യതയ്ക്ക് വസ്തു ജാമ്യം മതിയാവുമെന്നതാണ് മറ്റൊരു പ്രധാന വസ്തുത.