1991ല്‍ പുറത്തിറങ്ങിയ ‘മൂക്കില്ലാ രാജ്യത്ത്’ മലയാളത്തില്‍ കോമഡി തരംഗമുണ്ടാക്കിയ ചിത്രമാണ്. അശോകന്‍ - താഹ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ തമാശകള്‍ ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, ജഗതി, തിലകന്‍ എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന താരങ്ങള്‍. 19 വര്‍ഷത്തിന് ശേഷം മൂക്കില്ലാ രാജ്യത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംവിധായകന്‍ താഹ. രണ്ടാം ഭാഗത്തിന്‍റെ പ്രത്യേകത - ഈ ചിത്രത്തില്‍ സാക്ഷാല്‍ തിലകന്‍ ഉണ്ടാവില്ല എന്നതാണ്.
മൂക്കില്ലാ രാജ്യത്ത് - 2ല്‍ നിന്ന് തിലകനെ ഒഴിവാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഭാഗത്തില്‍ അഭിനയിച്ച മുകേഷ്, സിദ്ദിഖ്, ജഗതി എന്നിവര്‍ ഈ സിനിമയിലും തുടരും. തിലകന് ഫെഫ്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും താരസംഘടനയായ ‘അമ്മ’യില്‍ അംഗത്വമില്ല എന്നതുമാണ് ഈ ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയതിന്‍റെ കാരണമായി കേള്‍ക്കുന്നത്.
മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രമായിരുന്നു തിലകന്‍റേത്. ആ സിനിമയിലെ തിലകന്‍റെ പ്രകടനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നാലു ഭ്രാന്തന്‍മാര്‍ ഭ്രാന്താശുപത്രിയില്‍ നിന്ന് രക്ഷപെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് മൂക്കില്ലാ രാജ്യത്തിന്‍റെ പ്രമേയം.
ബി ജയചന്ദ്രനാണ് മൂക്കില്ലാ രാജ്യത്ത് - 2ന്‍റെ രചന നിര്‍വഹിക്കുന്നത്. സ്റ്റാര്‍ ഇന്ത്യ സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. പുതുമുഖമായിരിക്കും നായിക. ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ജഗദീഷ് തുടങ്ങിയവരും താരങ്ങളായിരിക്കും.