ദിലീപ് ചിത്രം - ‘ഓര്‍മ്മ മാത്രം’

WEBDUNIA|
PRO
ജനപ്രിയ നായകന്‍ ദിലീപ് വക്കീല്‍ ഗുമസ്തനാകുന്ന ചിത്രത്തിന് ‘ഓര്‍മ്മ മാത്രം’ എന്ന് പേരിട്ടു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഏറെ പ്രാരാബ്‌ധങ്ങളുള്ള ഗുമസ്തനായാണ് ദിലീപ് അഭിനയിക്കുന്നത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന ‘വാര്യര്‍ വക്കീല്‍’ എന്ന കഥാപാത്രത്തിന്‍റെ ഗുമസ്തനാണ് ഈ ചിത്രത്തില്‍ ദിലീപ്.

ജീവിതത്തിന്‍റെ അഴിയാക്കുരുക്കുകളിലൂടെ സഞ്ചരിക്കുന്ന ഒരു ഗുമസ്തനെയാണ് ദിലീപ് അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ മധു കൈതപ്രം പറഞ്ഞു. ഭാര്യയും മകനുമടങ്ങുന്നതാണ് ഈ ഗുമസ്തന്‍റെ കുടുംബം. അപ്രതീക്ഷിതമായ തിരിച്ചടികളും വേര്‍പാടുകളും ഈ കഥാപാത്രത്തിന് നേരിടേണ്ടി വരുന്നു. പ്രിയങ്കയാണ് ദിലീപിന്‍റെ ഭാര്യാവേഷം അവതരിപ്പിക്കുന്നത്.

റഹിം കടവത്തിന്‍റെ കഥയ്ക്ക് സി വി ബാലകൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. കൈതപ്രത്തിന്‍റെ ഗാനങ്ങള്‍ക്ക് കൈതപ്രം വിശ്വനാഥന്‍ സംഗീതം പകരുന്നു. എം ജെ രാധാകൃഷ്ണനാണ് ക്യാമറ. നിര്‍മാണം ഹൊറൈസണ്‍ ഇന്‍റര്‍നാഷണല്‍.

എറണാകുളം, തിരുപ്പൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏകാന്തം, മധ്യവേനല്‍ എന്നീ സിനിമാകള്‍ക്ക് ശേഷം മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കഥാവശേഷന് ശേഷം ഒരു ആര്‍ട്ട് ഹൌസ് ചിത്രത്തിന്‍റെ ഭാഗമാകുകയാണ് ദിലീപ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :