സുബിന്‍ ജോഷി|
Last Modified ശനി, 29 ഫെബ്രുവരി 2020 (17:47 IST)
സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ നിന്ന് അല്പസമയത്തേക്കെങ്കിലും ഒരു വിടുതല്‍ മനുഷ്യന് ആവശ്യമാണ്. ഈ പശ്ചാത്തലത്തിലാണ് ആള്‍ക്കാര്‍ വിനോദയാത്രയ്ക്ക് ഒരുങ്ങുന്നത്. അങ്ങനെ മനസിന് കുളിര്‍മ്മയും സന്തോഷവും തേടി യാത്ര ചെയ്യുന്നവരെ സ്വാഗതം ചെയ്യാന്‍ തയാറായി പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു.
കേരളത്തിലെ നെല്ലിയാമ്പതി മലനിരകള്‍ക്കും തമിഴ് നാട്ടിലെ അണ്ണാമലൈ മലനിരകള്‍ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്‍റെ സ്ഥിതി ഒരു വര്‍ഷം മുന്‍പ് വരെ ഏതൊരു വന്യജീവി സങ്കേതത്തിന്‍റെയും അവസ്ഥ പോലെ ആയിരുന്നു. സഞ്ചാരികള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് സാധനങ്ങളും തലങ്ങും വിലങ്ങും മല കയറുകയും ഇറങ്ങുകയും ചെയ്യുന്ന സഞ്ചാരികളുടെ വാഹനങ്ങളും ഒക്കെ നിത്യകാഴ്ചയായിരുന്ന പറമ്പിക്കുളത്ത് മാറ്റങ്ങള്‍ ദൃശ്യമായത് പെട്ടന്നായിരുന്നു.
285 ചതുരശ്ര അടി വിസ്ത്രീര്‍ണ്ണമുള്ള പറമ്പിക്കുളം വന്യജീവി സങ്കേതം ഇന്നും വിനോസഞ്ചാരികളെ കാത്തിരിക്കുന്നു. എന്നാല്‍, മുന്‍കാലത്തേതില്‍ നിന്നും വ്യത്യസ്തമായി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഒട്ടും കോട്ടം സംഭവിക്കാതെ പ്രകൃതിയുടെ സൌന്ദര്യം അതേപടി ആസ്വദിക്കാന്‍ കഴിയും വിധത്തിലുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇപ്പോള്‍ ദിവസം മുപ്പത് വാഹനങ്ങള്‍ മാത്രമേ വന്യജീവി സങ്കേതത്തിലേക്ക് കടത്തി വിടൂ. വനപാലകര്‍ ഉപയോഗിച്ചിരുന്ന നിരീക്ഷണ ടവറുകളിലും മറ്റും ഒരു രാത്രി ചെലവിടാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.
നിലാവുള്ള രാത്രികളില്‍ ഈ നിരീക്ഷണ ടവറുകളില്‍ ഇരുന്ന് മൃഗങ്ങളെ നിരീക്ഷിക്കുന്നത് നയനാനന്ദകരമാണ്. ചന്ദനമരങ്ങളാലും മറ്റും സമൃദ്ധമായ വെട്ടിക്കുന്ന് ദ്വീപിലേക്ക് പോകാനും സൌകര്യമുണ്ട്. വിഖ്യാത പക്ഷിനിരീക്ഷകന്‍ സലീം അലി താമസിച്ചിരുന്ന കുര്യാകുട്ടിയിലും സമയം ചെലവിടാന്‍ അവസരമുണ്ട്. ഇവിടെ രണ്ട് ദിവസത്തെ വേഴാമ്പല്‍ നിരീക്ഷണ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. ഇനി മുളകൊണ്ടുണ്ടാക്കിയ ഹൌസ് ബോട്ടിലൂടെ യാത്ര ചെയ്യാം. തെളിഞ്ഞ വെള്ളത്തില്‍ ഈ ഹൌസ് ബോട്ടിലൂടെ ഒഴുകി നിങ്ങുന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ്.
പറമ്പിക്കുളത്തെ കുറിച്ച് സഞ്ചാരികള്‍ക്ക് വിവരം നല്‍കുന്ന കേന്ദ്രങ്ങള്‍ ഏറെ സഹായകമാണ്. എന്തൊക്കെ സൌകര്യങ്ങളാണ് ഈ വന്യജീവി സങ്കേതത്തില്‍ ലഭിക്കുക എന്നതിനെ കുറിച്ച് വിശദമായി തന്നെ ഈ കേന്ദ്രങ്ങള്‍ അറിവ് പകരും. കാടിനെ കുറിച്ചും പരിസ്ഥിതിയെ കുറിച്ചും പൂര്‍ണ്ണ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന ടച്ച് സ്ക്രീന്‍ സംവിധാനം പ്രയോജനപ്രദമാണ്.
ഇവിടത്തെ ആദിവാസികള്‍ വനം പരിസ്ഥിതി വികസന പദ്ധതിയുടെ കീഴില്‍ കരകൌശല വസ്തുക്കള്‍,തേന്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നുണ്ട്. ഇവ വിപണനം ചെയ്യുന്നതിന് ഒരു വില്പനശാലയും പ്രവര്‍ത്തിക്കുന്നുണ്ട്. മലകയറ്റത്തിനും പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനുമായി കുട്ടികള്‍ക്ക് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്.
വന്യജീവി സങ്കേതം സന്ദര്‍ശിക്കുന്നവര്‍ 450 വര്‍ഷം പഴക്കമുള്ള തേക്ക് കാണാന്‍ പോകുന്നതും പതിവാണ്. കുട്ടികള്‍ ഇവിടെ വച്ച് മരങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുന്നു.
എത്താനുള്ള മാര്‍ഗ്ഗം
കോയമ്പത്തൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് പറമ്പിക്കുളം. പൊള്ളാച്ചിയില്‍ നിന്ന് 39 കിലോമീറ്ററും പാലക്കാട് നിന്ന് 98 കിലോമീറ്ററും അകലെ ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നു.