Rijisha M.|
Last Updated:
തിങ്കള്‍, 2 ജൂലൈ 2018 (14:08 IST)
സ്വന്തമായൊരു വീടുവയ്‌ക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാൽ ചുമ്മാ ഒരു വീട് പണിതാൽ പോര. വാസ്‌തുശാസ്‌ത്രപ്രകാരം കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിയതിന് ശേഷം മാത്രമേ വീട് പണികഴിപ്പിക്കാൻ പാടൂ. വീടിന് കുറ്റിയിടുന്നതുമുതൽ അങ്ങോട്ട് എല്ലാ കാര്യങ്ങളിലും വാസ്‌തു നോക്കുന്നത് ഉത്തമമാണ്. എന്നാൽ മാത്രമേ ദോഷങ്ങളും ഗുണങ്ങളും മനസ്സിലാക്കാനാകൂ.
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഏറ്റവും കൂടുതൽ നാം ശ്രദ്ധ കൊടുക്കേണ്ടതും
അടുക്കള പണിയുമ്പോഴാണ്. പഴമക്കാർ പറയുന്നതും ഇതുതന്നെയാണ്. വളരെയധികം ശ്രദ്ധിച്ചായിരിക്കണം അടുക്കളയുടെ പണികൾ നടത്തേണ്ടത്. എന്നാൽ ഈ കാലത്ത് നാം വീടിന് പകരം ഫ്ലാറ്റിലും മറ്റുമാണ് താമസം. അതുകൊണ്ടുതന്നെ ഇതിന്റെയൊന്നും പ്രാധാന്യത്തെക്കുറിച്ച് നമുക്ക് അവബോധമുണ്ടായിരിക്കണമെന്നില്ല. ഫ്ലാറ്റിലായാലും നാം അടുക്കളുയുടെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കണം.
അടുക്കളയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം ആൾക്കാർക്കും ഇതൊന്നും അറിയില്ല എന്നതാണ് വാസ്‌തവം. അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്. വാസ്‌തു ശാസ്‌ത്രത്തിൽ പറയുന്നത് അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക് കിഴക്ക് ഭാഗത്തോ ആയിരിക്കണം.
അടുപ്പിന്റെ കാര്യവും പ്രധാനമാണ്. അടുപ്പ് അഥവാ സ്റ്റവ് കിഴക്കോട്ട് തിരിഞ്ഞു നിന്ന് പാകം ചെയ്യാവുന്ന രീതിയിലായിരിക്കണം. തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും ഫ്രിഡ്ജ്, ഗ്രൈന്റർ, അലമാരകള്‍ എന്നിവ വയ്ക്കാൻ അനുയോജ്യമാണ്. അടുക്കളയിലെ ടാപ്പിന്റെയോ കുടിക്കാനുള്ള വെള്ളം വയ്‌ക്കുന്നതിന്റേയോ സ്ഥാനം വടക്ക് കിഴക്ക് ഭാഗത്തായിരിക്കണം. സ്റ്റോര്‍ റൂമിനും പ്രത്യേക സ്ഥാനമുണ്ട്. റൂം തെക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് അല്ലെങ്കിൽ തെക്ക് കിഴക്കിനും തെക്ക് ഭാഗത്തിനും മദ്ധ്യവുമാകാം.