സ്വേച്ഛാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ തന്‍റെ കൊടിയടയാളമായി ഉപയോഗിച്ചതിനാല്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പൌരാണിക അടയാളമാണ് സ്വസ്തിക. ഈ സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം സ്വാഗതം എന്നാണ്. ഹിറ്റ്‌ലറെ ഒഴിച്ചു നിര്‍ത്തിയാല്‍ ലോകമൊട്ടാകെ വിശുദ്ധമായ അടയാളമായാണ് സ്വസ്തികയെ കാണുന്നത്.
വാസ്തു ശാസ്ത്രത്തില്‍ സ്വസ്തിക അടയാളത്തിന് വളരെയധികം പ്രാധാന്യമുണ്ട്. സ്വസ്തിക എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ‘നല്ല ജീവിതത്തിനോട് ചേര്‍ന്നുള്ള ചെറിയ കാര്യങ്ങള്‍’ എന്നാണ് വാസ്തുശാസ്ത്രം വിശദീകരിക്കുന്നത്.
സ്വസ്തിക ചിഹ്നം യഥാര്‍ത്ഥത്തില്‍ ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഏഴ് നക്ഷത്രങ്ങളുടെ കൂട്ടായ്മയെ ആണ് സ്വസ്തിക ചിഹ്നം പ്രതിനിധീകരിക്കുന്നത്. ചിഹ്നത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള കാലുകള്‍ നക്ഷത്രങ്ങളുടെ ഉദയസ്തമനങ്ങളെയും മറ്റ് രണ്ട് കാലുകള്‍ തെക്ക് വടക്ക് ദിശകളെയും പ്രതിനിധീകരിക്കുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ സപ്ത നക്ഷത്രങ്ങളുടെ ഊര്‍ജ്ജത്തിന്‍റെ പ്രതീകമാണ് സ്വസ്തിക ചിഹ്നം.
ഊര്‍ജ്ജ്വസ്വലത, പ്രേരണ, ഉന്നതി, സൌന്ദര്യം എന്നിവയുടെയെല്ലാം സംയോജനമായതിനാല്‍ സ്വസ്തിക മനുഷ്യ ജീവനെയും ലോകത്തെ തന്നെയും അഭിവൃദ്ധിപ്പെടുത്തുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു ശാസ്ത്രപരമായി, താമസ സ്ഥലത്തോ ഓഫീസിലോ സ്വസ്തിക അടയാളം പതിക്കുന്നതിലൂടെ നല്ല ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യുകയാണ്.
വീടിന്‍റെ പ്രധാന വാതിലിനു മുകളില്‍ സ്വസ്തിക ചിഹ്നം പതിക്കുന്നത് ആരോഗ്യകരമായ ഊര്‍ജ്ജത്തെ പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പ്രധാന വാതിലിനു മുകളില്‍ വെളിയിലായി സ്വസ്തിക പതിക്കുന്നതിനൊപ്പം അകത്തും ഇതേ സ്ഥലത്ത് ആദ്യത്തേതിനോട് പുറം തിരിഞ്ഞരീതിയില്‍ സ്വസ്തിക പതിക്കണമെന്ന് വാസ്തു ശാസ്ത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു.