ന്യൂഡല്ഹി|
സജിത്ത്|
Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (11:52 IST)
കേന്ദ്ര സര്ക്കാരിന്റ അവസാന പൂര്ണ ബജറ്റ് ധനമന്ത്രി അരുണ് ജയ്റ്റ്ലി അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രാമവികസനത്തിനായി 14.34 ലക്ഷം കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതില് സ്ത്രീകള്ക്കും സ്വയം സഹായസംഘങ്ങള്ക്കും ലോണ് നല്കുന്നതിനു വേണ്ടി 75,000 കോടി ചിലവിടുമെന്നും ധനമന്ത്രി അറിയിച്ചു.
ടിബി രോഗികൾക്ക് 600 കോടി സഹായം നല്കുന്നതോടൊപ്പം, ഒരു കുടുംബത്തിന് വര്ഷത്തില് അഞ്ച് ലക്ഷം രൂപയ്ക്ക് വരെ സൗജന്യചികിത്സ ലഭ്യമാക്കുന്ന ദേശീയ ആരോഗ്യസംരക്ഷണ പദ്ധതിയും പ്രഖ്യാപിച്ചു. ആരോഗ്യകേന്ദ്രങ്ങള്ക്കായി 1200 കോടി അനുവധിച്ചു. ഇത് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ പദ്ധതിയാണെന്ന് ജെയ്റ്റലി വ്യക്തമാക്കി.
മിടുക്കരായ ബി-ടെക് വിദ്യാര്ത്ഥികള്ക്കായി പ്രത്യേക പദ്ധതിയും ബജറ്റില് പ്രഖ്യാപിച്ചു. ഉജ്വലയോജന പദ്ധതിയിലൂടെ രാജ്യത്തെ എട്ട് കോടി സ്ത്രീകള്ക്ക് സൗജന്യപാചകവാതക കണക്ഷന് നല്കുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ലെ ഗ്രാമീണ മേഖലയിൽ ഉജ്ജല പദ്ധതിയിലൂടെ 8 കോടി ഗ്യാസ് കണക്ഷനും ബജറ്റില് പ്രഖ്യാപിച്ചു.
അതോടൊപ്പം സുഗന്ധവ്യഞ്ജന, ഔഷധ കൃഷിക്ക് 200 കോടി രൂപയും. മുള അധിഷ്ടിത മേഖലകൾക്ക് 1290 കോടി രൂപയും വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. ഫുഡ് പ്രൊസസിംഗ് സെക്ടറിനായി 1400കോടി രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. മാത്രമല്ല, അഗ്രിമാര്ക്കറ്റ് ഡെവലപ്മെന്റിനായി 2000 കോടിയും പ്രഖ്യാപിച്ചു.
അതോടൊപ്പം ഡല്ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന് അയല്സംസ്ഥാനങ്ങളെ സഹകരിപ്പിച്ച് പ്രത്യേക പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉടന് മാറുമെന്ന് അരുണ് ജയ്റ്റ്ലി പറഞ്ഞു. രാജ്യത്തെ ഉല്പാദന രംഗം വളര്ച്ചയുടെ പാതയില് തിരിച്ചെത്തി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.