മൊബൈല്‍ഫോണ്‍ ഉപഭോക്താക്കളെ ശല്യപ്പെടുത്തികൊണ്ട് എത്താറുള്ള എസ് എം എസ് പരസ്യങ്ങള്‍ പണമുണ്ടാക്കാനുള്ള അവസരമാകുന്നു. മൊബൈല്‍ പരസ്യസന്ദേശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പണം കൊടുക്കാമെന്ന വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത് ബാംഗ്ളൂര്‍ ആസ്ഥാനമായ ഐ ടി കമ്പനിയാണ്.
ഉപഭോക്താവിന്‍റെ അനുമതി വാങ്ങി അവര്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ആശയം പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകുന്നത് ബാംഗ്ളൂരിലെ എംജിഞ്ചര്‍ ഡോട്ട് കോമിന്‍റെ സ്ഥാപകരായ മൂന്ന് എന്‍ജിനീയര്‍മാര്‍മാരാണ്.പ്രതിമാസം ഫോണ്‍ബില്‍ അടയ്ക്കാനുള്ള കാശ് എസ് എം എസ് വായിക്കുന്നതിലൂടെ കിട്ടുമെന്നാണ് വാഗ്ദാനം
ഖരഗ്പുര്‍ ഐ ഐ ടിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അനില്‍,വീരേന്ദ്ര, ചൈതന്യ എന്നിവരാണ് കമ്പനിയുടെ അമരക്കാര്‍.മൂന്നൂറ് രൂപമുതല്‍ 1600 രൂപവരെ ഇത്തരത്തില്‍ ഒരു മാസംകൊണ്ട് സമ്പാദിക്കാന്‍ ഉത്സാഹികളായ മൊബൈയില്‍ ഉപഭോക്താക്കള്‍ക്ക് പറ്റുമെന്ന് കമ്പനി സി ഇ ഒ ചൈതന്യ നല്ലന്‍ പറയുന്നു.
ഒരു പരസ്യം സ്വീകരിക്കുന്നതിന് 20 പൈസയാണ് ലഭിക്കുക. സന്ദേശം മറ്റൊരാള്‍ക്ക് കൈമാറിയാല്‍ പത്തുപൈസ കൂടുതലായും ലഭിക്കും. പരസ്യം വേണമെന്നുള്ളവര്‍ എംജിഞ്ചര്‍ ഡോട് കോമില്‍ കയറി പരസ്യം ആവശ്യപ്പെട്ടാല്‍ മതി. ഏത് വിഭാഗത്തിലെ പരസ്യം ഏത് സമയത്ത് എത്രവീതം വേണം എന്നെല്ലാം സൈറ്റിലൂടെ തെരഞ്ഞെടുക്കാം.