കോര്‍പറേറ്റ് മേഖലയില്‍ സ്ത്രീ വിദ്വേഷം

PROPRO
മൂന്ന് വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് ടാറ്റാ എഞ്ചിനിയറിങ്ങ് ആന്‍റ് ലോക്കോമോട്ടീവ് കമ്പനി (ടെല്‍കോ) സമര്‍ത്ഥരായ ബിരുദധാരികള്‍ക്ക് ജോലി ഒഴിവുണ്ടെന്ന് അറിയിച്ച് മാധ്യമങ്ങളില്‍ ഒരു പരസ്യം നല്‍കി. എന്നാല്‍ പരസ്യത്തിനൊപ്പം “വനിതകള്‍ അപേക്ഷിക്കേണ്ടതില്ല” എന്നൊരു അടിക്കുറിപ്പ് കൂടി ഉള്‍പ്പെടുത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു യുവതി ടാറ്റ കമ്പനിയുടെ സ്ഥാപകന്‍ ജെ ആര്‍ ഡി ടാറ്റയ്ക്ക് ഒരു കത്തെഴുതി. കാലത്തിന് മുമ്പെ ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നതും പുരോഗമനപരവും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ടാറ്റ പോലൊരു കമ്പനിക്ക് ഇത്തരമൊരു വിവേചനത്തിന് എങ്ങനെ കഴിയുന്നുവെന്നായിരുന്നു അവര്‍ ടാറ്റയുടെ ഉടമസ്ഥനോട് ചോദിച്ചത്.

ടാറ്റാ കമ്പനിയില്‍ ഉടന്‍ ഇന്‍റര്‍വ്യൂവിന് ഹാജരാകാനുള്ള കമ്പി സന്ദേശമാണ് യുവതിക്ക് മറുപടിയായി ലഭിച്ചത്. ഇതിനായി ഇരുവശത്തേയ്ക്കുമുള്ള ഫസ്റ്റ് ക്ലാസ് ട്രെയിന്‍ യാത്രാ നിരക്കിലുള്ള യാത്രാച്ചെലവ് കമ്പനി വഹിക്കുമെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. പിന്നീ‍ട് എഴുത്തുകാരി എന്ന നിലയിലും എന്‍ ആര്‍ നാരായണമൂര്‍ത്തിയ്ക്കൊപ്പം ഇന്‍ഫോസിസ് ടെക്നോളജീസ് എന്ന പ്രമുഖ സോഫ്റ്റ്വെയര്‍ സ്ഥാപനം തുടങ്ങുകയും മൂര്‍ത്തിയുടെ ഭാര്യയാകുകയും ചെയ്ത സുധാ മൂര്‍ത്തിയായിരുന്നു ആ യുവതി.

എന്നാല്‍ മൂന്ന് വ്യാഴവട്ടങ്ങള്‍ക്ക് മുമ്പ് സുധാ മൂര്‍ത്തി ചോദ്യം ചെയ്ത അതേ വിവേചനത്തില്‍ നിന്ന് ഏറ്റവും പുരോഗമനപരമെന്ന് വിശേഷിപ്പിക്കപെടുന്ന കോര്‍പറേറ്റ് രംഗത്തിന് ഇന്നും കരകയറാനായിട്ടില്ലെന്നത് ഒരു നഗ്ന സത്യമായി അവശേഷിക്കുന്നു. വനിതകള്‍ക്ക് കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പല ജോലികളില്‍ നിന്നും വനിതകളെ മാറ്റി നിര്‍ത്തുന്ന പ്രവണത ഇപ്പോഴും വ്യാപകമാണ്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) അടുത്തയിടെ നടത്തിയ ഒരു സര്‍വെയില്‍ വനിതാ സംരംഭകരുടെ എണ്ണം വെറും 13 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയത്. ജൂനിയര്‍ മാനേജ്മെന്‍റ് തലത്തില്‍ സ്ത്രീ - പുരുഷ അനുപാതത്തില്‍ കാര്യമായ വ്യത്യാസമില്ലെങ്കിലും മുകള്‍ത്തട്ടിലേക്ക് വരുമ്പോള്‍ ഈ അവസ്ഥ മാറുകയാണെന്ന് സി ഐ ഐയുടെ പഠനത്തില്‍ പറയുന്നു. ഇത് ആഗോളതലത്തിലുള്ള പ്രതിഭാസമാണത്രെ.

ഐ ടി, ബിസിനസ്, ബാങ്കിങ്ങ് മേഖലകളിലെ കണക്കെടുത്താല്‍ ആണ്‍കുട്ടികള്‍ക്ക് ഒപ്പമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്. പക്ഷെ 13 ശതമാനം വനിതകള്‍ മാത്രമാണ് ആര്‍ജ്ജിച്ച അറിവിനെ പ്രയോജനപ്പെടുത്തുന്നുള്ളുവെങ്കില്‍ ബാക്കി വരുന്ന ബഹുഭൂരിപക്ഷവും തങ്ങളുടെ കഴിവും വിദ്യാഭ്യാസവും പാഴാക്കുകയാണ്.

WEBDUNIA|
പല സ്ഥാപനങ്ങളിലേയും നിര്‍മ്മാണവും ഉല്പാദനവുമായി ബന്ധപ്പെട്ട മേഖലകളില്‍ വനിതകളെ അടുപ്പിക്കാറില്ലത്രെ. സുരക്ഷാ കാരണങ്ങളാല്‍ ആണിതെന്നാണ് കമ്പനികളുടെ വിശദീകരണം. ഈ അവസ്ഥകള്‍ക്ക് മാറ്റമുണ്ടായാല്‍ മാത്രമേ ഇന്ത്യന്‍ കോര്‍പറേറ്റ് രംഗവും ഒപ്പം ഇന്ത്യയും മെച്ചപ്പെടുകയുള്ളുവെന്നാണ് സി ഐ ഐ സര്‍വെയില്‍ ഉയര്‍ന്നുവന്ന അഭിപ്രായം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :