യൂറോപ്യന്‍ സംസ്കാരം ഡിജിറ്റലായി!

PROPRO
യൂറോപ്പിന്‍റെ പ്രൌഢഗംഭീരവും സമ്പനവുമായ സാംസ്കാരിക പൈതൃകത്തെ ഇന്‍റര്‍നെറ്റിലൂടെ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് യൂറോപ്യാന ഡോട്ട് ഇ യു എന്ന വെബ്സൈറ്റ്. യൂറോപ്യന്‍ യൂണിയന്‍റെ നേതൃത്വത്തിലുള്ള ഈ സൈറ്റ് വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണ്.

ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള പുസ്തകങ്ങളും സംഗീതം ഉള്‍പ്പടെയുള്ള കലാസൃഷ്ടികളുമാണ് ഡിജിറ്റല്‍ രൂപത്തില്‍ ഈ സൈറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. ഡാന്‍റേയുടെ ‘ഡിവൈന്‍ കോമഡി’ മുതല്‍ ബിഥോവന്‍റെ ഒമ്പതാം സിംഫണി വരെ ഈ ഡിജിറ്റല്‍ ലൈബ്രറിയിലുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ ആയിരത്തോളം സ്ഥാപനങ്ങളുടെ കൈവശമുള്ള രേഖകളും സൃഷ്ടികളുമാണ് ഇവിടെ ഡിജിറ്റല്‍ രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇംഗ്ലിഷ്, ജര്‍മ്മന്‍, ഫ്രഞ്ച് തുടങ്ങി 24 യൂറോപ്യന്‍ ഭാഷകളില്‍ ഈ സൈറ്റിലെ സേവനങ്ങള്‍ ലഭ്യമാണ്.

കേവലം സാംസ്കാരിക പ്രദര്‍ശനത്തിന് ഉപരിയായി സാംസ്കാരിക ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ഈ സൈറ്റ് അവസരം നല്‍കുന്നു. ഇതിനായി ഓണലൈന്‍ കമ്മ്യൂണിറ്റികളും ഡിസ്കഷന്‍ ഫോറവുമൊക്കെ രൂപീകരിക്കാനുമുള്ള സംവിധാനവും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ വന്‍ ഓണലൈന്‍ ശേഖരം തയാറാക്കി മാതൃക കാട്ടിയ ഗൂഗിള്‍ യൂറോപ്യന്‍ യൂണിയന്‍റെ പുതിയ സംരംഭത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത്തരം ഡിജിറ്റലൈസേഷന്‍ പദ്ധതികള്‍ അറിവിന്‍റെ ജനാധിപത്യവത്കരണത്തിലേക്ക് നയിക്കുമെന്നാണ് ഗൂഗിളിന്‍റെ പക്ഷം. ഇതിനായി പ്രസാധകര്‍ക്കും, ലൈബ്രറികള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കാം എന്ന ശക്തമായ സൂചനയും യൂറോപ്യാന പോലെയുള്ള സംരംഭങ്ങള്‍ നല്‍കുന്നതായും ഗൂഗിള്‍ അധികൃതര്‍ അഭിപ്രായപ്പെടുന്നു.

WEBDUNIA|
അതേ സമയം പകര്‍പ്പവകാശം സംബന്ധിച്ച പ്രശ്നങ്ങള്‍ മറികടക്കാന്‍ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തി വരികയാണെന്നും യൂറോപ്യാനയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ രണ്ട് ലക്ഷത്തോളം പ്രദര്‍ശന വസ്തുക്കളുള്ള ഈ ഓണലൈന്‍ ലൈബ്രറിയില്‍ 2010ഓടെ പത്ത് ദശലക്ഷം സൃഷ്ടികള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :