ലങ്കാധിപത്യത്തില്‍ ഓസീസ് പുറത്ത്

ട്രെന്‍റ്‌ബ്രിഡ്ജ്‌| WEBDUNIA| Last Modified ചൊവ്വ, 9 ജൂണ്‍ 2009 (11:08 IST)
അജാന്ത മെന്‍ഡിസിന്‍റെ അജ്ഞാത ഗൂഗ്ലികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങി. ഇതു വരെ കൈയ്യെത്തിപിടിക്കാനാവാത്ത ട്വന്‍റി-20 ലോക കിരീടം തേടി ലണ്ടനിലെത്തിയ ലോക ചാമ്പ്യന്‍‌മാര്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്ത്. 2007ലെ വിന്‍ഡീസ് ലോകകപ്പിന്‍റെ ഫൈനലിലെ തോല്‍‌വിയ്ക്ക് ശ്രിലങ്കയുടെ മധുര പ്രതികാരം. സ്കോര്‍: ഓസ്ട്രേലിയ 159/9, 19 ഓവറില്‍ 160/4.

ഓസീസിന്‍റെ ഭേദപ്പെട്ട സ്കോര്‍ പിന്തുടര്‍ന്ന ലങ്കയ്ക്ക് ജയസൂര്യയെ (2) തുടക്കത്തിലേ നഷ്ടമായെങ്കിലും ഐ പി എല്ലിലെ മിന്നുന്ന ഫോം തുടര്‍ന്ന ദില്‍‌ഷനും(32 പന്തില്‍ 53) നായകന്‍ സംഗക്കാരയും( 42 പന്തില്‍ 55 നോട്ടൌട്ട്) ചേര്‍ന്ന് ഓസീസിന് പുറത്തേക്കുള്ള വഴിതെളിച്ചു. സംഗക്കാര തന്നെയാണ് കളിയിലെ കേമന്‍. ജഹാന്‍ മുബാറക്ക്‌ 21 റണ്‍സുമായി നായകന്‍= തുണ നിന്നു.

നേരത്തെ ടോസ്‌ നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ സംഗക്കാരെ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. ആദ്യ ഓവറിന്റെ നാലാം പന്തില്‍ ഓപ്പണര്‍ വാര്‍ണറെ സംപൂജ്യനാക്കി ദില്‍ഷന്റെ കൈയിലെത്തിച്ച എയ്ഞ്ചലോ മാത്യൂസിന്റെ തുടക്കം മോശമായില്ല. വാട്സനും (22), പോണ്ടിംഗും (25) ചേര്‍ന്ന്‌ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പുറത്താക്കി അജാന്ത മെന്‍ഡിസ്‌ ലങ്കയ്ക്ക്‌ ബലം പകര്‍ന്നു.

ഹാഡിന്‍ (16) മലിംഗയുടെ പന്തില്‍ ബൗള്‍ഡായി. ക്ലാര്‍ക്കിനെ (11) ഉദാന സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്ത്‌ പുറത്താക്കി. മൈക്ക്‌ ഹസ്സി ഒറ്റ റണ്ണുമായി മെന്‍ഡിസിനു മുന്നില്‍ മുട്ടുമടക്കി .അവസാന ഓവറുകളില്‍ ഡേവിഡ്‌ ഹസ്സി (28) യും മിച്ചല്‍ ജോണ്‍സനും (28 നോട്ടൗട്ട്‌) ബ്രെറ്റ്‌ ലീയും (15) നടത്തിയ പ്രത്യാക്രമണമാണ് ഓസിസ് സ്കോര്‍ 150 കടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :