ട്വന്‍റി-20, ലോകപ്പ്: ഇന്ത്യന്‍ വനിതകള്‍ സെമിയില്‍

ടോണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 16 ജൂണ്‍ 2009 (12:14 IST)
ട്വന്‍റി-20 ലോകകപ്പില്‍ സെമി കാണാതെ ധോണിയും സംഘവും പുറത്തായെങ്കിലും വനിത ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലിലെത്തി. ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 18 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ വനിതകള്‍ ലങ്കക്കെതിരെ മികച്ച ബൌളിംഗ് പ്രകടനമാണ് നടത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 16.5 ഓവറില്‍ വിജയം നേടി. ഇന്ത്യയ്ക്ക് വേണ്ടി പൂനം റൌത്ത് 40 പന്തില്‍ നിന്ന് 30 റണ്‍സും മിത്തലി രാജ് 22 പന്തില്‍ നിന്ന് 32 റണ്‍സും നേടി വിജയത്തിലേക്ക് നയിച്ചു. മഴയെത്തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.

ഓപ്പണര്‍മാരായ പൂനം റൌത്തും അഞ്ചും ചോപ്രയും മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് മികച്ച പ്രകടനം തുടരാനായില്ല. അഞ്ചും ചോപ്ര(11) പുറത്തായതോടെ സുലക്ഷ്ണ നായ്ക്(2), റുമേലി ദാര്‍(0) പെട്ടെന്ന് മടങ്ങി. ആദ്യ പത്ത് ഓവറില്‍ മൂന്നിന് 39 റണ്‍സെന്ന ദയനീയ നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍, പിന്നീടെത്തിയ മിത്തലി രാജിന്‍റെ വെടിക്കെട്ടിന്‍റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറുകയായിരുന്നു. മിത്തലി രാജാണ് മാന്‍ ഓഫ് ദി മാച്ച്. മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍‌പ്പിച്ച് ന്യൂസിലാന്‍ഡും സെമി ഫൈനലിലെത്തിയിട്ടുണ്ട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :