വിജയനായകന്‍ വിടവാങ്ങി

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 22 ജൂണ്‍ 2009 (10:16 IST)
ജോഹന്നാസ് ബര്‍ഗില്‍ നഷ്ടപ്പെട്ട ട്വന്‍റി-20 ലോകകപ്പ് കിരീടം ശ്രീലങ്കയെ തോല്‍പ്പിച്ച് പാകിസ്ഥാന് സമ്മാനിച്ച നായകന്‍ യൂനിസ് ഖാന്‍ അന്താരാഷ്ട്ര ട്വന്‍റി-20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. കിരീടമുയര്‍ത്തിയശേഷം രാജകീയമായി തന്നെയാണ് യൂനിസ് അതിവേഗ ക്രിക്കറ്റിന്‍റെ പടിയിറങ്ങുന്നത്. ഫൈനലിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് യൂനിസ് വികാരപരമായ തീരുമാനം പ്രഖ്യാപിച്ചത്.

ഇതെന്‍റെ അവസാന ട്വന്‍റി-20 മത്സരമാണ്, അന്താരാഷ്ട്ര ട്വന്‍റി-20യില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണ്-വിരമിക്കല്‍ പ്രഖ്യാപിച്ച് യൂനിസ് പറഞ്ഞു. തനിക്കിപ്പോള്‍ 34 വയസ്സായി. വേഗതയുടെ കളിയില്‍ ഇനി തുടരാനാകില്ല. ട്വന്‍റി-20യില്‍ വിരമിക്കാന്‍ തനിക്ക് ലഭിച്ച ഏറ്റവും നല്ല അവസരം ഇതാണെന്നും യൂനിസ് പറഞ്ഞു. ട്വന്‍റി-20 യുവാക്കളുടെ കളിയാണ്. ടീമിലിപ്പോള്‍ ഏറെ യുവാക്കളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഏകദിനത്തിലും ടെസ്റ്റിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും യൂനിസ് പറഞ്ഞു.

പാകിസ്ഥാന്‍റെ ട്വന്‍റി-20 ലോകകപ്പ് വിജയം വിന്‍ഡീസ് ലോകകപ്പിനിടെ അന്തരിച്ച മുന്‍ പാക് പരിശീലകന്‍ ബോബ് വൂമറിന് സമര്‍പ്പിക്കുന്നു, തന്‍റെ ക്രിക്കറ്റ് ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വൂമര്‍. ഈ ആഘോഷത്തില്‍ പങ്കു ചേരാന്‍ അദ്ദേഹം ജീവിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. അദ്ദേഹം തങ്ങള്‍ക്ക് ഒരു പിതാവിനെ പോലെയായിരുന്നുവെന്നും യൂനിസ് ഖാന്‍ പറഞ്ഞു. ട്വന്‍റി-20യില്‍ 22 മത്സരങ്ങളില്‍ നിന്നായി 432 റണ്‍സും മൂന്നു വിക്കറ്റും നേടിയ യൂനിസ് ഖാന്‍ 60 ടെസ്റ്റും 186 ഏകദിനവും കളിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :