സ്വിസ് ബാങ്കുകളിലെ നിക്ഷേപം കുറഞ്ഞു

ജനീവ| WEBDUNIA|
സ്വിസ് ബാങ്കുകളിലെ നിക്ഷേപം കഴിഞ്ഞ വര്‍ഷം നാലിലൊരു ഭാഗത്തേക്കാള്‍ കൂടുതല്‍ കുറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇടപാടുകാര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചതോടെയാണ് നിക്ഷേപത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചത്.

സ്വിസ് നാഷണല്‍ ബാങ്ക് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിക്ഷേപത്തില്‍ 1.41 ട്രില്യണ്‍ സ്വിസ് ഫ്രാങ്ക്സിന്‍റെ(1.21 ട്രില്യണ്‍ ഡോളര്‍) കുറവാണുണ്ടായിരിക്കുന്നത്. ഇത് മൊത്തം നിക്ഷേപത്തിന്‍റെ 27 ശതമാനം വരും. 3.82 ട്രില്യണ്‍ ഫ്രാങ്ക്സ് ആണ് ബാങ്കിന്‍റെ നിലവിലെ നിക്ഷേപം. 2005 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വിദേശ ഇടപാടുകാരില്‍ നിന്നുള്ള നിക്ഷേപത്തില്‍ 882 ബില്യണ്‍ ഫ്രാങ്ക്സിന്‍റെ കുറവാണ്ടായി. വിദേശ സ്വകാര്യ ഇടപാടുകാരില്‍ നിന്നുള്ള നിക്ഷേപ തുക 36 ശതമാനവും വിദേശ സ്ഥാപന ഇടപാടുകാരില്‍ നിന്നുള്ള നിക്ഷേപ തുക 23 ശതമാനവും ഇടിഞ്ഞു. 1998ന് ശേഷം ആദ്യമായാണ് നിക്ഷേപം ഇത്രയും കുറയുന്നത്. ആഭ്യന്തര സ്വകാര്യ ഇടപാടുകാരുടെ നിക്ഷേപം കഴിഞ്ഞ വര്‍ഷം അവസാനം 417 ബില്യണ്‍ ഡോളറാണ്. 2007നെ അപേക്ഷിച്ച് 28 ശതമാനം കുറവാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :