ആഭ്യന്തര സ്വര്‍ണ്ണ വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണ്ണത്തിന്‍റെ വില ശനിയാഴ്ച 13,200 രൂപയായി ഉയര്‍ന്നു.
ആഗോള ഓഹരി വിപണിയിലെ ഇടിവും അമേരിക്കന്‍ വിപണിയിലെ മാന്ദ്യവും സ്വര്‍ണ്ണ വില ഇനിയും വര്‍ദ്ധിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ കാരണം സ്വര്‍ണ്ണം വാങ്ങുക്കൂട്ടുന്നത് തുടരുന്നതും സ്വര്‍ണ്ണ വില വീണ്ടും വര്‍ദ്ധിക്കാനിടയാക്കി.
ഇതിനൊപ്പം ആഗോള ക്രൂഡോയില്‍ വിലയിലെ വര്‍ദ്ധനയും സ്വര്‍ണ്ണ വില വര്‍ദ്ധിക്കാനിടയാക്കി. ക്രൂഡ് വില വീപ്പയ്ക്ക് 111 ഡോളറായി ഉയര്‍ന്നു കഴിഞ്ഞു.
അമേരിക്കന്‍ വിപണിയില്‍ സ്വര്‍ണ്ണ വില ഒരു ഔണ്‍സിന് 1,005 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. ഡോളര്‍ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണ്ണവില വര്‍ദ്ധിക്കാനിടയാക്കി.
നിക്ഷേപകര്‍ ഓഹരി വിപണിയിലെ ഇടിവിനെ തുടര്‍ന്ന് നിക്ഷേപ വസ്തുവായി സ്വര്‍ണ്ണത്തെ കരുതാന്‍ ആരംഭിച്ചതാണ് സ്വര്‍ണ്ണ വില മോഹവിലയിലേക്കുയര്‍ന്നത്.
സ്റ്റാന്‍ഡേര്‍ഡ് സ്വര്‍ണ്ണത്തിന്‍റെ മുംബൈ ഓഹരി വിപണിയിലെ വില 13,200 രൂപയായി ഉയര്‍ന്നപ്പോള്‍ ആഭരണ സ്വര്‍ണ്ണവില 13,050 രൂപയായിട്ടുണ്ട്. അതേ സമയം ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണ്ണത്തിന്‍റെ വില 10,150 രൂപയായും ഉയര്‍ന്നു.
സ്വര്‍ണ്ണത്തിനൊപ്പം വെള്ളി വിലയും ഉയര്‍ന്നു. വെള്ളി വില കിലോയ്ക്ക് 250 രൂപാ നിരക്കില്‍ വര്‍ദ്ധിച്ച് 24,750 രൂപയായിട്ടുണ്ട്. വില ഇനിയും ഉയര്‍ന്നേക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്.