സ്മാര്‍ട്ട് ഫോണുകള്‍ തന്നെ ബാങ്കും പോസ്റ്റോഫീസും ഷോപ്പിംഗ് സെന്ററുമൊക്കെയാവുമ്പോള്‍ ഭാവിയില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം ഹാക്കര്‍മാരും സൈബര്‍ ഫ്രോഡുകളും കമ്പ്യൂട്ടറുകളെ വിട്ട് മൊബൈല്‍ഫോണുകളില്‍ ലക്ഷ്യം വെയ്ക്കുമെന്നതാണ്. സാമ്പത്തിക വിദഗ്ദര്‍ ഏറ്റവുമധികം ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്ന ഒരു വിഭാഗവുമാണ് മൊബൈല്‍ സെക്യൂരിറ്റി.
മൊബൈല്‍ഫോണിനെ എല്ലാ ജോലിയും ഏല്‍പ്പിക്കുന്നതിനു മുന്‍പ് മൊബൈല്‍ ഹാക്കിംഗിന്റെ അനന്തസാധ്യതകളെക്കുറിച്ചറിഞ്ഞിരിക്കുന്നത് നല്ലതാണ് സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണല്ലോ പ്രമാണം.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ 70 ശതമാനം ആളുകളും അത് വഴിയാണ് അവധിക്കാല ഫോപ്പിംഗുകള്‍ നടത്തുന്നതെന്നാണ് പഠനം. മൊബൈല്‍ ബാങ്കിംഗ് എന്ന ഈ സേവനം അനുസരിച്ച്, മൊബൈലും ഡി ടി എച്ചും ഒക്കെ റീ ചാര്‍ജ് ചെയ്യാവുന്നതാണ്. ഈ സേവനത്തിനു ജി പി ആര്‍ എസ് വേണമെന്നില്ല. എസ് എം എസ് വഴിയും യു എസ് എസ് ഡി മെനു വഴിയും റീ ചാര്‍ജ് ചെയ്യാം. ബാലന്‍സ് ചെക്ക് ചെയ്യാം, മിനി സ്റ്റേററ്മെന്റ് എടുക്കാം, ട്രെയിന്‍ ടിക്കറ്റ് എടുക്കാം, ഷോപ്പിംഗ് നടത്താം.
ഇങ്ങനെ നിരവധി ഉപകാരപ്രദമായ സൌകര്യങ്ങളാണ് സ്മാര്‍ട്ട്ഫോണുകള്‍ നല്‍കുന്നത്. പക്ഷേ എസ് എം എസിലൂടെ പോലും ഒരു പണിവരാം. ടെലികോം സേവനദാതാക്കളുടെ ടെക്സ്റ്റ് സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള തട്ടിപ്പുകള്‍ വഴിയാണ് വിലപ്പെട്ട വിവരങ്ങളും രഹസ്യ കോഡുകളും ഹാക്കര്‍മാര്‍ക്ക് മോഷ്ടിക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
മൊബൈല്‍ഫോണുകള്‍ വഴി സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍ പലപ്പോഴും അവ് ദിവസം മുഴുവന്‍ സൈന്‍ ഔട്ട് ചെയ്യാറില്ല. മൊബൈല്‍ വഴി സാമ്പത്തിക ഇടപാട് നടത്തുമ്പോള്‍ ചെറിയ ഈ പിഴവ് മതി, തുറന്നു കിടക്കുന്ന ബ്രൌസറിലൂടെ ഹാക്കര്‍മാര്‍ക്ക് ഏതു രീതിയിലും ആക്രമിക്കാം.
വിവരങ്ങള്‍ മോഷ്ടിക്കാം, മൊബൈലില്‍ പുതിയ മാള്‍വയറുകളെ ഇന്‍സ്റ്റാള്‍ ചെയ്യാം, പ്രോഗ്രാമുകളെ നശിപ്പിക്കാം, അങ്ങനെ നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്. 2011ല്‍ തന്നെ തിരിച്ചറിഞ്ഞ മൊബൈല്‍ വൈറസുകള്‍ 7000ഓളം വരും
സ്മാര്‍ട് ഫോണെന്നത് ഫോണെന്നതിനുപരി ഒരു മിനികമ്പ്യൂട്ടറാണ് ബാങ്കിംഗ് സേവനങളും ഡാറ്റ കൈമാറ്റവുമെല്ലാം കൈയ്യിലൊതുങ്ങുന്ന അത്ഭുതം. അതുകൊണ്ട് തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടേക്കാം ഒരു നല്ല ഹാക്കര്‍ക്ക് ഇത് അടിച്ചുമാറ്റാന്‍ നിമിഷങ്ങള്‍ മാത്രം മതിയാവും.
ഒരു ഹാക്കര്‍ക്ക് നിങ്ങളുടെ ഫോണ്‍ നിങ്ങള്‍ പോലുമറിയാതെ കൈകാര്യം ചെയ്യാന്‍ കഴിയും ഫോണ്‍കോളുകളും എസ് എം എസുകളും മറ്റും സെന്‍ഡ് ചെയ്യാന്‍ കഴിയും. ഡിറ്റക്റ്റീവ് ഏജന്‍സികളും മറ്റും ഉപയോഗിക്കുന്ന ഹാക്കിംഗ് സോഫ്റ്റ്വെയറുകള്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയും അത് മൂന്നാമതൊരു വ്യക്തിക്ക് അയച്ചുകൊടുക്കുകയും ചെയ്യും.
ആവശ്യമില്ലാത്ത പ്രോഗ്രാമുകള്‍ റണ്‍ചെയ്യിച്ച് ഫോണിന്റെ ബാറ്ററി ചാര്‍ജ്ജ് ഇല്ലാതാക്കാന്‍ കഴിയും. വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും കോണ്ടാക്റ്റുകളും അകലെയിരുന്നു ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
പലരൂപത്തില്‍ വൈറസുകള്‍ ഫോണില്‍ കയറിപ്പറ്റാം എസ് എം എസുകളുടെ രൂപത്തില്‍ തുടങ്ങി എം എം എസുകളും ബ്ലൂടൂത്തുവഴിയും വൈറസുകള്‍ ഫോണിലെത്താം. ഏറ്റവും കൂടുതല്‍ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന വിവിധ ആപ്ലിക്കേഷനിലൂടെയാണ്.
കബീരെ അല്ലെങ്കില്‍ കരിബെ ആണ് മൊബൈല്‍ ഫോണില്‍ ബാധിക്കുന്ന ആദ്യവൈറസെന്നാണ് സൂചന. കോംവാരിയര്‍ എന്ന രണ്ടായിരത്തി അഞ്ചില്‍ എത്തിയ വൈറസ് ഫോണില്‍ എത്തിയാല്‍ ഫോണില്‍ നിന്ന് തനിയെ എം എം എസുകള്‍ സെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും. ഉഗാണ്ടയിലേക്കും മറ്റ് വിദേശ നമ്പറിലേക്കും സെന്‍ഡ് ചെയ്യപ്പെടുന്ന എസ്‌എംഎസ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കാന്‍ വലിയ താമസം വരില്ല.
മികച്ച മൊബൈല്‍ സെക്യൂരിറ്റി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ ഇവയെ പ്രതിരോധിക്കാം.നെറ്റ്ക്വിന്‍ മൊബെയില്‍ സെക്യൂരിറ്റി ആന്‍ഡ് ആന്റിവൈറസ്, ലുക്കൗട്ട് സെക്യൂരിറ്റി ആന്‍ഡ് ആന്റിവൈറസ്, എവിജി ആന്റിവൈറസ്, അവാസ്റ്റ് മൊബൈല്‍ സെക്യൂരിറ്റി, നോര്‍ട്ടന്‍ ആന്റിവൈറസ് ആന്‍ഡ് സെക്യൂരിറ്റി തുടങ്ങി ആപ്ലിക്കേഷനുകള്‍ ഒട്ടേറെയുണ്ട് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍.