രാജ്യത്ത് വില്പന നടത്തുന്ന സിഗരറ്റിന്റെ ഉല്പാദനത്തില് നേരിട്ടുള്ള വിദേശ നിക്ഷേപം നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വാണിജ്യ വ്യവസായ സഹമന്ത്രി അശ്വനികുമാര്‍ അറിയിച്ചതാണിത്.
വാണിജ്യ നയ പ്രോല്‍സാഹന വകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചതെന്നും ഇത് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പുകയില ഉപയോഗിച്ചുള്ള സിഗരറ്റിന്റെ ഉല്പാദനത്തിന് സര്‍ക്കാരിന്റെ അംഗീകാരമില്ലാതെത്തന്നെ തന്നെ വ്യവസായ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നുണ്ട്.
സിഗരറ്റ് ഉല്പാദനത്തില് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് സംബന്ധിച്ച് 1999 ഡിസംബറില്‍ അന്നത്തെ വാണിജ്യ മന്ത്രിയായിരുന്ന മുരശൊലി മാരനാണ് ആദ്യമായി നീക്കങ്ങളാരംഭിക്കുന്നത്. എഫ്ഡിഐ അനുവദിച്ചത് പല രാജ്യങ്ങളിലെയും പുകയില ഉല്പന്ന വ്യവസായത്തെ സാരമായി ബാധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനം.