സാമ്പത്തിക മാന്ദ്യം ഉയര്‍ത്തിയ പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പാക്കേജുകളുടെ ഫലം ഏപ്രില്‍, മേയ് മാസങ്ങളോടെ പ്രകടമായി തുടങ്ങുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയോടെ സാമ്പത്തിക മേഖല തിരിച്ചുവരവ് പ്രകടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള സാമ്പത്തിക മേഖലയില്‍ അനുഭവപ്പെട്ട മാന്ദ്യത്തിന്‍റെ രൂക്ഷത മറികടക്കാന്‍ ഡിസംബര്‍ ഏഴിനാണ് സര്‍ക്കാര്‍ ആദ്യ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ജനുവരിയിലും ഫെബ്രുവരിയിലും കൂടുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. ഇതിന് പുറമേ റിസര്‍വ് ബാങ്ക് സുപ്രധാന പലിശ നിരക്കുകളില്‍ പലതവണ കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ നിരക്ക് 4.75 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.25 ശതമാനമായുമാണ് അവസാനം കുറവ് വരുത്തിയിരുന്നത്.
നടപ്പ് വര്‍ഷം രാജ്യം ആറ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അലുവാലിയ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷത്തോടെ വളര്‍ച്ചാ നിരക്ക് ഉയരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.