സത്യത്തിന്‍റെ വിലക്ക് പുനപരിശോധിക്കും: ലോകബാങ്ക്

ന്യൂഡല്‍ഹി| WEBDUNIA|
സത്യം കമ്പ്യൂട്ടര്‍ സര്‍വീസസിന് ഏര്‍പ്പെടുത്തിയ എട്ട് വര്‍ഷത്തെ വിലക്ക് പുന:പരിശോധിക്കാവുന്നതാണെന്ന് ലോകബാങ്ക് അറിയിച്ചു. പ്രതിസന്ധി നേരിടുന്ന സോഫ്റ്റ്വെയര്‍ കയറ്റുമതി സംരഭത്തിന് ലോകബാങ്കിന്‍റെ പുതിയ പ്രസ്താവന അല്‍‌പം ആശ്വാസം നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു സേവനദാതാവെന്ന നില വീണ്ടെടുക്കാന്‍ സത്യം ശ്രമിക്കണമെന്ന് ബാങ്ക് അറിയിച്ചു. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായ നടപടികള്‍ കമ്പനി കക്കൊണ്ടിട്ടുണ്ടെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഒരു മുതിര്‍ന്ന ലോകബാങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ബാങ്ക് സ്റ്റാഫിന് കൃത്യമല്ലാത്ത ലാഭകണക്കുകള്‍ നല്‍കുകയും സബ് കോണ്ട്രാക്ടര്‍മാരുടെ ഫീസ് സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതിനാണ് കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് സത്യം കമ്പ്യൂട്ടേഴ്സിന് ലോക ബാങ്ക് എട്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് രാജ്യത്തെ നാലാമത്തെ വലിയ ഐടി സംരംഭം കൂടിയായിരുന്ന സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് പ്രതിസന്ധിയിലായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :