7800 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്സിലെ അഴിമതിയെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തും. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ആന്ധ്ര പൊലീസിലെ സി ബി സി ഐ ഡി വിഭാഗമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന ആന്ധ്ര സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കേസ് സംബന്ധിച്ച രേഖകളും മറ്റ് വസ്തുതകളും സി ബി ഐ എറ്റെടുക്കുമെന്നും ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും സി ബി ഐവൃത്തങ്ങള്‍ അറിയിച്ചു.
സത്യം ചെയര്‍മാനായിരുന്ന രാമലിംഗരാജു, സഹോദരനും എം ഡിയുമായിരുന്ന ബി രാമരാജു, സി എഫ് ഒ വദ്‌ലാമണി ശ്രീനിവാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി തീരാറായതിനാല്‍ ഒമ്പത് ദിവസം മാത്രമേ സി ബി ഐക്ക് ഇവരെ ചോദ്യം ചെയ്യാനായി ലഭിക്കുകയുള്ളു.
ജീവനക്കാരുടെ എണ്ണത്തില്‍ കൃത്രിമം കാണിച്ച് രാമലിംഗ രാജു പ്രതിമാസം 20 കോടി വെട്ടിച്ചതായി സി ഐ ഡി സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് പൊലീസിലെ സിഐഡി വിഭാഗം രാജുവിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്.
അതിനിടെ രാമലിംഗ രാജുവിന്‍റെയും രാമരാജുവിന്‍റെയും മുന്‍ സിഎഫ്‌ഒയുടെയും ജാമ്യാപേക്ഷ ഹൈദരാബാദ് നമ്പര്‍-6 മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ മാസം ഇതേ കോടതി മൂന്ന് പേരുടെയും ജമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരും ഇപ്പോല്‍ ചഞ്ചല്‍ഗുഡ ജയിലിലാണ്.