സത്യം രാജു പാപ്പര്‍!

ന്യൂയോര്‍ക്ക്| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (11:36 IST)
സത്യം കമ്പ്യൂട്ടേഴ്സിന്‍റെ മുന്‍ ചെയര്‍മാന്‍ രാമലിംഗ രാജുവിനെ ഒരു അമേരിക്കന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇതോടെ കോടതി ചെലവുകള്‍ നല്‍കുന്നതില്‍ നിന്ന് രാജുവിനെ കോടതി ഒഴിവാക്കി. രാജുവിനെ കൂടാതെ അദ്ദേഹത്തിന്‍റെ സഹോദരന്‍ രാമ രാജു, സത്യത്തിന്‍റെ മുന്‍ ഫിനാന്‍സ് മേധാവിയായിരുന്ന ശ്രീനിവാസ് വദ്‌ലമണി എന്നിവരേയും ന്യൂയോര്‍ക്ക് കോടതി പാപ്പരായി പ്രഖ്യാപിച്ചു.

2009 ഒക്ടോബറിലാണ് പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മൂന്നുപേരും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സത്യം ക്രമക്കേടുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിലവിലുള്ള കേസുകളില്‍ അഭിഭാഷകനെ വയ്ക്കാന്‍ മൂവര്‍ക്കും കഴിവില്ലെന്നന്നും കോടതി ഫീസും നിയമസഹായവും കോടതി നല്‍കുമെന്നും പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

ഫെഡറല്‍ നിയമപ്രകാരമുള്ള ചെലവുകള്‍ വഹിക്കാന്‍ മൂവര്‍ക്കും കഴിവില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി ഉത്തരവില്‍ ജില്ലാ ജഡ്ജി ജോണ്‍സ് വ്യക്തമാക്കി. അതേസമയം, മറ്റൊരു വിദേശ രാജ്യത്ത് തടവിലായതിനാല്‍ അഭിഭാഷകനെ കണ്ടെത്തിക്കൊടുക്കണമെന്ന ആവശ്യം കോടതി തള്ളി. സത്യം അഴിമതി പുറത്തായതിനെ തുടര്‍ന്ന് രാജുവും മറ്റ് മൂന്നുപേരും ഇന്ത്യയില്‍ തടവിലാണ്.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സത്യം ക്രമക്കേട് പുറത്തു വരുന്നത്. സിബിഐ നടത്തിയ അന്വേഷണത്തില്‍ രാമലിംഗ രാജുവും മറ്റ് രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. അഴിമതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യത്തെ പിന്നീട് ടെക് മഹീന്ദ്ര ഏറ്റെടുക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :