സത്യം ബോര്‍ഡ് യോഗം ചേര്‍ന്നു

മുംബൈ| WEBDUNIA|
പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സത്യം ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് യോഗം ചേര്‍ന്നു. നിക്ഷേപ ഉപദേഷ്ടാക്കളായ ഗോള്‍ഡ്മാന്‍ സാചെയും അവെന്‍ഡസും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ അന്തിമ തീരുമാനം യോഗത്തിന് കൈക്കൊള്ളാനായില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.

ഇന്നത്തെ യോഗത്തിലെടുത്ത തീ‍രുമാനങ്ങളെക്കുറിച്ച് അറിയിക്കാന്‍ ബോര്‍ഡ് ചെയര്‍മാന്‍ കിരണ്‍ കാര്‍ണിക് വിസമ്മതിച്ചു. ആറോ ഏഴോ നിക്ഷേപകരുടെ പേര് ബോര്‍ഡ് ഷോട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര ഐടി സംരംഭങ്ങളായ എല്‍ ആന്‍ഡ് ടി, സ്പൈസ് ഗ്രൂപ്പ്, ടെക് മഹീന്ദ്ര എന്നിവ ബിഡ്ഡിംഗിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി. എല്‍ ആന്‍ഡ് ടിക്ക് ഇതിനകം തന്നെ സത്യത്തില്‍ 12 ശതമാനം ഓഹരികളുണ്ട്. ആഗോള ഐടി സംരംഭങ്ങളായ ഐബിഎമ്മും ഹ്യുലെറ്റ് പാക്കാര്‍ഡും രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കമ്പനി ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് കമ്പനിയുടെ കഴിഞ്ഞ രണ്ട് മാസത്തെ പ്രവര്‍ത്തന ഫലങ്ങള്‍ പരിശോധിക്കാന്‍ അനുമതി നല്‍കിയേക്കും. കമ്പനിയുടെ വരുമാനത്തെക്കുറിച്ചും ഉപഭോക്താക്കളെക്കുറിച്ചും പ്രവര്‍ത്തന രീതി സംബന്ധിച്ചും നിക്ഷേപകരെ അറിയാന്‍ ബോര്‍ഡ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :