വിനിമയനിരക്ക്: രൂപ 30 പൈസ മുന്നേറി

ഒമ്പതു വര്‍ഷത്തിനകത്തെ മികച്ച നേട്ടം

മുബൈ| WEBDUNIA|

ആഭ്യന്തര ഓഹരി വിപണിയിലെ കയറ്റത്തിനൊപ്പം ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്കിലും വ്യാഴാഴ്ച രാവിലെ ഗണ്യമായ വര്‍ദ്ധനയുണ്ടായി. വ്യഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 30 പൈസ കണ്ടാണ് വര്‍ദ്ധിച്ചത്.

ഇതോടെ രൂപയുടെ വിനിമയ നിരക്ക് നാല്‍പ്പത് രൂപയ്ക്ക് താഴെ എന്ന നിലയിലേക്കുയര്‍ന്ന് 39.90/91 എന്ന നിലയിലെത്തി. ഒമ്പത് വര്‍ഷങ്ങള്‍ക്കുള്ളിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കിലേക്കാണ് രൂപ വ്യാഴാഴ്ച രാവിലെ എത്തിയത്.

ബുധനാഴ്ച വൈകിട്ട് വിദേശനാണ്യ വിപണി ക്ലോസിംഗ് സമയത്ത് രൂപയുടെ വിനിമയ നിരക്ക് 40.20/21 എന്ന തോതിലായിരുന്നു. വ്യാഴാഴ്ച രാവിലെ വിപണി ആരംഭിച്ചപ്പോള്‍ ഇത് 40.03/05 എന്ന നിലയിലായിരുന്നു.

പിന്നീട് ഇത് നാല്‍പ്പത് രൂപാ എന്ന നിരക്ക് പിന്നിട്ട് 39.89 എന്ന നിലയിലേക്കുയര്‍ന്നു. അല്‍പ്പ സമയത്തിനകം ഇത് അല്‍പ്പം കുറഞ്ഞ് 39.90/91 എന്ന നിലയിലായി.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് അര ശതമാനം കണ്ട് കുറച്ചത് ആഗോള ഓഹരി വിപണിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ ഇന്ത്യയിലെ ഓഹരി വിപണിയിലും മികച്ച കയറ്റത്തിനു കാരണമായി. ഇത് രൂപയുടെ വിനിമയ നിരക്കിനെയും ഗണ്യമായ തോതില്‍ ഉയര്‍ത്തി.

1998 മേയ് 13 നായിരുന്നു അടുത്ത കാലത്തെ രൂപയുടെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്ക് - ഡോളറിന് 39.85 രൂപ.

കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രൂപയുടെ വിനിമയ നിരക്കില്‍ 58 പൈസയോളം ഉയര്‍ച്ചയാണുണ്ടായത്. ആഗോള വിദേശനാണ്യ വിപണിയിലും പൊതുവേ ഡോളര്‍ വില ഇടിഞ്ഞതും രൂപയുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കാനിടയാക്കി.

ക്രൂഡോയില്‍ വില കയറിയതും ഡോളറിനു വിനയായി. വ്യാഴാഴ്ചത്തെ വിവരം അനുസരിച്ച് ക്രൂഡോയില്‍ വില ഏഷ്യന്‍ വിപണിയില്‍ വീപ്പയ്ക്ക് 82 ഡോളറിനു മുകളിലാണ്. ഫലത്തില്‍ ഇതും രൂപയ്ക്ക് നേട്ടമായി.

ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഇനിയും വിദേശ മൂലധനം ഒഴുകും എന്നത് രൂപയുടെ വിനിമയ നിരക്കിനെ ഗണ്യമായി വര്‍ദ്ധിപ്പിക്കും എന്നാണ് ധനകാര്യ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :