വിദേശ കമ്പനികള്‍ ടിഡിഎസ് പിടിക്കണമെന്ന്

ന്യൂഡല്‍ഹി| WEBDUNIA|
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശകമ്പനികള്‍, തങ്ങളുടെ വിദേശ ജീവനക്കാര്‍ ഇന്ത്യയില്‍ നല്‍കുന്ന സേവനത്തിന് വിദേശ കറന്‍സിയിലാണ് ശമ്പളം നല്‍കുന്നതെങ്കില്‍പ്പോലും ടി ഡി എസ്(ടാക്സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ്) ഈടാക്കാന്‍ ബാധ്യസ്ഥരാണെന്ന് സുപ്രിം കോടതി ഉത്തരവിട്ടു.

സുപ്രിം കോടതി വിധി വിദേശകമ്പനികളുടെ നിലവിലെ ശമ്പള സംവിധാനത്തെ അടിമുടി മാറ്റിമറിക്കുമെന്നാണ് കരുതുന്നത്. ഇതുവരെ ഇന്ത്യയില്‍ നല്‍കുന്ന സേവനത്തിന് സ്വന്തം രാജ്യത്തെ കറന്‍സിയുടെ അടിസ്ഥാനത്തിലാണ് പ്രതിഫലം നല്‍കുന്നതെങ്കില്‍ ടി ഡി എസ് നിര്‍ബന്ധമായിരുന്നില്ല. സുപ്രിം കോടതി വിധിയോടെ ടി ഡി എസ് പരിധി അതിര്‍ത്തികള്‍ ഭേദിക്കുമെന്ന് ഉറപ്പായി.

വിദേശ കറന്‍സിയിലാണ് ശമ്പളം നല്‍കുന്നതെങ്കില്‍പ്പോലും ഒരു ജീവനക്കാരന്‍ ഇന്ത്യയില്‍വച്ച് നല്‍കുന്ന സേവനം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്തുത വിദേശ സ്ഥാപനത്തിനോ, ആ ജീവനക്കാരനോ എന്തെങ്കിലും തരത്തില്‍ നേട്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ അയാളുടെ ശമ്പളം ഇന്ത്യയില്‍ നല്‍കിയ ശമ്പളമായി കണക്കാക്കാമെന്നും ശമ്പളത്തില്‍ നിന്ന് ടി ഡി എസ് ഈടാക്കാമെന്നുമാണ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

1961ലെ ആദായ നികുതി വകുപ്പ് 192 ആം ചട്ട പ്രകാരം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ കമ്പനികളുടെ വിദേശ ജീവനക്കാര്‍ക്ക് ആ രാജ്യത്തെ കറന്‍സിയില്‍ ഇവിടെ നല്‍കുന്ന ശമ്പളത്തിന് ടി ഡി എസ് ഒഴിവ് നല്‍കാമെന്ന വിവിധ ഹൈക്കോടതി വിധികളാണ് സുപ്രിം കോടതി അസാധുവാ‍ക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :