വളര്‍ച്ച കൂടുതല്‍ ഇടിയുമെന്ന് എന്‍സിഎഇആര്‍

ന്യുഡല്‍ഹി| WEBDUNIA|
നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്‍റെ വളര്‍ച്ച 6.5 ശതമാനമായി ഇടിയുമെന്ന് പ്രമുഖ സാമ്പത്തിക സംരംഭമായ നാഷണല്‍ കൌണ്‍സില്‍ ഓഫ് അപ്ലൈഡ് ഇക്കോണമിക്ക് റിസേര്‍ച്ച് അഭിപ്രായപ്പെട്ടു. നേരത്തെ 6.9 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു എന്‍സിഎഇആര്‍ വിലയിരുത്തിയിരുന്നത്.

2009 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷവും 6.5 ശതമാനം വളര്‍ച്ചയാണ് എന്‍സിഎഇആര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ മോശമായ സാമ്പത്തിക അവസ്ഥയെയാണ് നടപ്പ് വര്‍ഷം രാജ്യം അഭിമുഖീകരിക്കുന്നതെന്ന് എന്‍സിഎഇആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്‍റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ 2010 സാമ്പത്തിക വര്‍ഷം നേരിയ പുരോഗതിയുണ്ടാവുമെന്ന് ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ എന്‍സിഎഇആര്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി കുറച്ചുകാലം കൂടി തുടരുമെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാര്‍ നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ സഹായ പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്നും എന്‍സിഎഇആര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ആഗോള സാമ്പത്തിക വളര്‍ച്ച 1.7 ശതമാനത്തോളം ഇടിയുമെന്ന് ലോകബാങ്കും 1.3 ശതമാനം ഇടിയുമെന്ന് അന്താരാ‍ഷ്ട്ര നാണ്യനിധിയും ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :