ചെറുകിട തേയില സംസ്കരണ യൂണിറ്റ് വയനാട്ടില്‍ തുടങ്ങുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി ജയറാം രമേശ് പറഞ്ഞു. ലോക്സഭയില്‍ എന്‍ എന്‍ കൃഷ്ണദാസ് എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തേയില സംസ്കരിക്കുന്നതിനാണ് വയനാട്ടില്‍ യൂണിറ്റ് തുടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പൂട്ടിക്കിടന്ന 17 തോട്ടങ്ങളില്‍ 12 എണ്ണം തുറന്നതായും മന്ത്രി അറിയിച്ചു.
പരമ്പരാഗത വിദേശ വിപണികള്‍ക്ക് പുറമെ ഈജിപ്ത്, ഇറാന്‍, ഇറാഖ്, പാകിസ്ഥാന്‍ തുടങ്ങിയ വിപണികളിലും ഇന്ത്യന്‍ ചായയുടെ സാന്നിദ്ധ്യം കൂട്ടാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്ന് നേരത്തെ ജയറാം രമേശ് പറഞ്ഞിരുന്നു.
ടീ ബോര്‍ഡും യുപിഎഎസ്‌ഐയും ഉടനെ കെയ്‌റോയില്‍ ഒരു ടീ പ്രമോഷന്‍ സെന്‍റര്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. ചില വിദേശ വിപണികളില്‍ ഇന്ത്യയുടെ പരമ്പരാഗത ചായയ്ക്ക് ആവശ്യക്കാര്‍ കൂടി വരികയാണ്. ഇത് കണക്കിലെടുത്ത് മൊത്തം ചായ ഉല്‍പാദനത്തില്‍ പരമ്പരാഗത ചായയുടെ ഉല്‍പാദനം നിലവിലെ ഏഴ് ശതമാനത്തില്‍ നിന്ന് അടുത്ത മൂന്ന് നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ 12 ശതമാനമായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് രമേശ് പറഞ്ഞു.