ലോകബാങ്കില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥനം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 27 ഏപ്രില്‍ 2010 (11:33 IST)
ലോക ബാങ്കിലെ മൂലധന പങ്കാളിത്വത്തില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. വികസ്വര രാജ്യങ്ങള്‍ക്ക് ലോകബാങ്കില്‍ കൂടുതല്‍ പ്രാധിനിധ്യം നല്‍കിയതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം ലഭിച്ചത്. ലോകബാങ്കിന്റെ പ്രവര്‍ത്തന രീതിയും ധനവിനിയോഗവും സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ഇനി ഇന്ത്യയ്ക്കും മുഖ്യ പങ്കുവഹിക്കാനാകും. ഇന്ത്യയ്ക്ക് പുറമെ വികസ്വര രാജ്യങ്ങളായ ചൈനയ്ക്കും ബ്രസീലിനും ലോകബാങ്ക് കൂടുതല്‍ വോട്ടവകാശം നല്‍കി.

ലോകബാങ്കിലെ 186 അംഗരാജ്യങ്ങളില്‍ ഇന്ത്യയുടെ വോട്ടവകാശം 2.77 ശതമാനത്തില്‍ നിന്ന് 2.91 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ വോട്ടവകാശത്തില്‍ ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ പിന്നിലാക്കി. ചൈനയ്ക്ക് 4.42 ശതമാനം വോട്ടവകാശമാണ് നല്‍കിയിരിക്കുന്നത്. മുമ്പ് ഇത് ഇന്ത്യക്കൊപ്പം 2.77 ശതമാനമായിരുന്നു.

ലോക ബാങ്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടവകാശങ്ങളില്‍ ഭേദഗതി വരുത്തുന്നത്. ലോകബാങ്കിന്റെ പുത്തന്‍ മാറ്റങ്ങളെ വികസ്വര രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. എന്നാല്‍, ഭാവിയില്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം കണക്കാക്കുന്നത് ഉത്പാദന ശേഷിയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചായിരിക്കണമെന്നും ലോകബാങ്ക് വക്താവ് വ്യക്തമാക്കി.

അതേസമയം, ലോകബാങ്കില്‍ വോട്ട് ചെയ്യാനുള്ള അവകാശത്തില്‍ വര്‍ധന ലഭിക്കാന്‍ ദരിദ്ര രാഷ്ട്രങ്ങള്‍ 2015 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2015ലാണ് ലോക ബാങ്കിന്റെ അടുത്ത വോട്ടിംഗ് അവലോകനം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :