ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ദാതാവാകാന്‍ ടിസിഎസ്

ടി സി എസ്, ഐ ബി എം, ഇന്‍‌ഫോസിസ്, ഐ ടി, എച്ച് പി
ബാംഗ്ലൂര്‍| Last Updated: ചൊവ്വ, 17 ജൂണ്‍ 2014 (15:56 IST)
ഇന്ത്യയിലെ തൊഴില്‍ ദാതാക്കളില്‍ മുന്‍പന്തിയിലുള്ള ടി സി എസ് താമസിയാതെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കു ജോലി നല്‍കുന്ന രണ്ടാമത്തെ കമ്പനി ആയേക്കും. മൂന്നുലക്ഷത്തിലധികം ജീവനക്കാരാണ് ടി സി എസിനുള്ളത്. നിലവില്‍ ഐ ബി എമ്മും എച്ച് പിയും മാത്രമാണ് ഇക്കാര്യത്തില്‍ ടി സി എസിന് മുമ്പില്‍ ഉള്ളത്. തൊഴിലാളികളുടെ എണ്ണത്തില്‍ 25000 മുതല്‍ 35000 വരെ വര്‍ധനവുള്ള ടി സി എസ്, ഈ വര്‍ഷം തന്നെ എച്ച് പിയെ മറികടക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ടാറ്റാ ഗ്രൂപ്പിന്റെ കീഴില്‍ ഉള്ള ടി സി എസ് കഴിഞ്ഞ വര്‍ഷം 61,200 ആളുകളെയാണ് പുതിയതായി നിയമിച്ചത്. ഇതില്‍ പിരിഞ്ഞുപോയവരെ ഒഴിച്ചാല്‍ 24,268 ആളുകളാണ് ടി സി എസില്‍ പുതുതായി ചേര്‍ന്നത്. എന്നാല്‍ ഐ ബി എമ്മിന്‍റെയും എച്ച് പിയുടേയും തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്. വളര്‍ച്ചാസാധ്യതയുള്ള പുതിയ മേഖലകള്‍ കണ്ടെത്തുന്നതിലും നിക്ഷേപങ്ങള്‍ നടത്തുന്നതിലും കാണിച്ച മികവാണ് ടി സി എസിനെ ഈ മേഖലയില്‍ മുമ്പില്‍ എത്തിച്ചത്.

മൊബിലിറ്റി, ക്ലൌഡ്, ബിഗ്ഡാറ്റ, സോഷ്യല്‍ മീഡിയ, റോബോട്ടിക്സ് എന്നീ മേഖലകള്‍ക്കാണ് കമ്പനി ഇപ്പോള്‍ ഊന്നല്‍ നല്കുന്നത്. ഫ്രഷേഴ്സിനെ നിയമിക്കുന്നതിലൂടെ വേതനയിനത്തില്‍ വലിയ ലാഭമാണ് ടി സി എസ് കൈവരിച്ചിരിക്കുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ ടി സി എസിന്‍റെ പകുതിയോളം മാത്രം തൊഴിലാളികളുള്ള ഇന്‍‌ഫോസിസ് മാത്രമാണ് ടി സി എസിനോട് ഇക്കാര്യത്തില്‍ പേരിനെങ്കിലും മത്സരിക്കാന്‍ പട്ടികയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :