സ്വിറ്റ്സര്‍ലന്‍ഡിലെ ഡാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ പ്രധാനവിഷയങ്ങളിലൊന്ന് ‘ടാ തടിയാ...’. ഇതെന്ത് കാര്യം എന്നല്ലേ? ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടിയെക്കുറിച്ച് വലിയ ചര്‍ച്ചയാണ് ലോക സാമ്പത്തിക ഫോറത്തില്‍ നടന്നത്.
അമിതവണ്ണം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും പരിഹരിക്കാനായി വലിയ തുക ചെലവഴിക്കുന്നത് പല രാജ്യങ്ങളുടെയും സാമ്പത്തികനിലയെ പ്രതിസന്ധിയിലാക്കുന്നു എന്നാണ് ലോക സാമ്പത്തിക ഫോറം വിലയിരുത്തിയത്.
പൊണ്ണത്തടിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ വരുന്ന രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ 25 ലക്ഷം കോടി രൂപയിലധികം കവരാന്‍ പോകുകയാണെന്ന് ഫോറം കണ്ടെത്തി. ഭക്‍ഷ്യോത്‌പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളെ കടുത്ത ഭാഷയില്‍ ഫോറം വിമര്‍ശിച്ചു. അമിതവണ്ണം മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കായി വന്‍ തോതില്‍ പണം ചെലവഴിക്കേണ്ടിവരുകയും മരുന്നുകമ്പനികള്‍ ഈ സാഹചര്യം മുതലാക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ഫോറത്തില്‍ ചര്‍ച്ചയുണ്ടായി.
ജീവനക്കാരുടെ അമിതവണ്ണവും മോശം ആരോഗ്യവും കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും ലോക സാമ്പത്തിക ഫോറം വിലയിരുത്തി.
ഇന്ത്യയില്‍ നിന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ്, കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, പൊതുമേഖലാ മന്ത്രി പ്രഫുല്‍ പട്ടേല്‍, ഊര്‍ജമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര, അസിം പ്രേജി, എം എ യൂസഫ് അലി, ലക്ഷ്മി മിത്തല്‍, നരേഷ് ഗോയല്‍, രാഹുല്‍ ബജാജ്, സുനില്‍ ഭാരതി മിത്തല്‍, ആദി ഗോദ്‌റെജ്, ഐ സി ഐ സി ഐ മേധാവി ചന്ദ കൊച്ചാര്‍ തുടങ്ങിയവര്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്.